രാജീവ് വധം: പ്രതികളെ മോചിപ്പിക്കുന്നതിന് എതിരായ ഹർജി തള്ളി

രാജീവ് ഗാന്ധി വധക്കേസിലെ വിദേശ പൗരന്മാരുള്പ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തിനെതിരായ ഹർജി സുപ്രീംകോടതി തളളി. ചാവേർ സ്ഫോടനത്തിൽ രാജീവ് ഗാന്ധിക്കൊപ്പം മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.
2018 സെപ്റ്റംബർ ഒമ്പതിനാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകൻ, ശാന്തൻ, പേരറിവാളന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രൻ, നളിനി എന്നിവരുടെ ശിക്ഷയാണ് ഇളവുചെയ്തത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെയുള്ള ഭരണഘടനാ ബെഞ്ചിലെ വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണു വധിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here