Advertisement

അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി

May 9, 2019
1 minute Read

ഭൗമോപരിതലത്തിനടിയിൽ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണ് ഗൂഡമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്‌നേക്ക്‌ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നെൽവയലിൽ നിന്നാണ് സംഘം പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്.

Read Also; മാനത്തുകണ്ണി ഇനിയൊരു ചെറിയ മീനല്ല!!

ഗോലം സ്‌നേക്ക്‌ഹെഡ് എന്നാണ് പുതിയ മത്സ്യഇനത്തിന് ഇംഗ്ലീഷിൽ പേരു നൽകിയിരിക്കുന്നത്. അനിക്മാചന ഗോലം എന്നതാണ്‌ രാസനാമം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗർഭ ജലഅറയിൽ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഗവേഷകൻ ഡോ.രാജീവ് രാഘവൻ പറഞ്ഞു.

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്‌നേക്ക്‌ഹെഡ് വർഗ്ഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതു കൊണ്ടു തന്നെ വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും.

Read Also; നൂറ് വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി

കുളങ്ങളും വയലുകളിലെ നീർച്ചാലുകളും ഉൾപ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തിൽ നിന്ന് ശ്വസിക്കാനുള്ള കഴിവില്ലെന്നും ഗവേഷക സംഘം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top