കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് റിയാസ് അബൂബക്കർ

കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ. കൊച്ചിയിൽ രണ്ടിടങ്ങളിൽ വച്ചായിരുന്നു ആസൂത്രണമെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. റിയാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്. കേരളത്തിൽ ചാവേർ സ്‌ഫോടനം നടത്താൻ രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് റിയാസ് അബൂബക്കർ സമ്മതിച്ചതായി എൻഐഎ വ്യക്തമാക്കി. കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിൽ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും റിയാസ് മൊഴി നൽകി.വിശുദ്ധ യുദ്ധത്തിലൂടെയുള്ള രക്തസാക്ഷിത്വം റിയാസിനെ ചാവേറാകാൻ പ്രേരിപ്പിച്ചുവെന്നും എൻഐഎ വെളിപ്പെടുത്തുന്നു.
Read Also; ഐഎസ് തീവ്രവാദക്കേസ്; റിയാസ് അബൂബക്കറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
അതേസമയം കേസിൽ കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പു സാക്ഷികളാക്കാനാണ് എൻഐഎ ആലോചിക്കുന്നത്. കസ്റ്റഡിയിൽ ഉള്ള ഇവരെ ചോദ്യം ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. റിയാസ് നടത്താനുദ്ദേശിച്ച ആക്രമണ വിവരം ഇവർക്കറിയാമായിരുന്നെങ്കിലും നീക്കത്തെ എതിർത്തിരുന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. എന്നാൽ കൊല്ലം വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമാകും തീരുമാനം എടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here