പടിക്കൽ കലമുടച്ച് മുംബൈ: ചെന്നൈക്ക് 150 റൺസ് വിജയലക്ഷ്യം

ഐപിഎൽ ഫൈനൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 150 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 നേടിയത്. 41 റൺസെടുത്ത കീറോൺ പൊള്ളാർഡ് ആണ് മുംബൈ ഇന്ത്യൻസിൻ്റെ ടോപ്പ് സ്കോറർ. 29 റൺസെടുത്ത ഇഷൻ കിഷനും മുംബൈക്കു വേണ്ടി തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത ദീപക് ചഹാറാണ് മുംബൈ ബാറ്റിംഗിനെ കശാപ്പ് ചെയ്തത്. രണ്ട് വീതം വിക്കറ്റുകൾ നേടിയ ഷർദ്ദുൽ താക്കൂർ, ഇമ്രാൻ താഹിർ എന്നിവരും ചെന്നൈക്കു വേണ്ടി തിളങ്ങി.
ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിൻ്റെ തീരുമാനം ശരിവെക്കും വിധമാണ് മുംബൈ തുടങ്ങിയത്. സീസണിലുടനീളം ചെന്നൈ സൂപ്പ്ര് കിംഗ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ പേസർ ദീപക് ചഹാറിൻ്റെ ഒരോവറിൽ മൂന്ന് സിക്സറുകൾ സഹിതം 20 റൺസെടുത്ത മുംബൈ 4 ഓവറിൽ 37 റൺസെടുത്ത് വേഗത്തിലാണ് തുടങ്ങിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒരോവർ മാത്രമെറിഞ്ഞ ഷർദ്ദുൽ താക്കൂറിനെ നിലനിർത്താനുള്ള ചെന്നൈ മാനേജ്മെൻ്റിൻ്റെ തീരുമാനം നാലാം ഓവരിൽ ഫലം കണ്ടു. ഷർദുലിനെ തുടർച്ചയായ രണ്ടാം സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ ധോണി പിടിച്ച് ഡികോക്ക് പുറത്തായി. അഞ്ചാം ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസായിരുന്നു മുംബൈയുടെ സ്കോർ.
തൊട്ടടുത്ത ഓവറിൽ രോഹിത് ശർമ്മയെ ദീപക് ചഹാർ പുറത്താക്കിയതോടെ മുംബൈ അപകടം മണത്തു. വിക്കറ്റ് മെയ്ഡനായ ആ ഓവർ അവസാനിക്കവേ ആദ്യ പവർ പ്ലേയിൽ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്.
തുടർന്ന് സ്പിന്നർമാർ പന്തെറിഞ്ഞ് തുടങ്ങിയതോടെ സ്കോറിംഗ് താഴ്ന്നു. സൂര്യകുമാർ യാദവും ഇഷൻ കിഷനും ഒരു കൂട്ടുകെട്ടുയർത്താനുള്ള ശ്രമത്തിലായിരുന്നു. 10 ഓവറിൽ ഏറെ നഷ്ടമില്ലാതെ മുംബൈ 70 റൺസിലെത്തി. എന്നാൽ പന്ത്രണ്ടാം ഓവറിൽ സൂര്യകുമാറിനെ താഹിർ പുറത്താക്കി. 15 റൺസെടുത്ത സൂര്യകുമാറിനെ ത്ജാഹിർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ കൃണാൽ പാണ്ഡ്യ തൊട്ടടുത്ത ഓവറിൽ ഷർദുൽ താക്കൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 7 റൺസ് സമ്പാദ്യവുമായി മടങ്ങിയ കൃണാലിനു പകരം ക്രീസിലെത്തിയ പൊള്ളാർഡ് ചില കൂറ്റൻ ഷോട്ടുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കവേ മുംബൈക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി.
23 റൺസെടുത്ത ഇഷൻ കിഷൻ താഹിറിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ പർപ്പിൾ ക്യാപ്പും ത്യാഹിറിനു സ്വന്തമായി. അഞ്ച് റണ്ണെടുത്തു നിൽക്കെ സുരേഷ് റെയ്ന ഹർദ്ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും ആ സ്കോറിനോട് 11 റൺസ് കൂടി ചേർക്കാനേ ഹർദ്ദിക്കിനു സാധിച്ചുള്ളൂ. 19ആം ഓവറിൽ 16 റൺസെടുത്ത ഹർദ്ദിക്കിനെ ദീപക് ചഹാർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ആ ഓവറിൽ രാഹുൽ ചഹാറിനെക്കൂടി പുറത്താക്കിയ ദീപക് ചഹാർ വെറും 4 റൺസാണ് വിട്ടു നൽകിയത്.
അവസാന ഓവറിൽ 9 റൺസ് മാത്രം വിട്ടു നൽകിയ ബ്രാവോ മുംബൈയെ 149ൽ ഒതുക്കുകയായിരുന്നു. 25 പന്തുകളിൽ 41 റൺസെടുത്ത പൊള്ളാർഡ് പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here