മാതൃദിനത്തിൽ സംഗീത ആൽബവുമായി അമ്മയും മകളും; ‘മാതൃഗീതം’ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള അമ്മമാർക്ക് വേണ്ടി സംഗീത ആൽബവുമായി അമ്മയും മകളും. വിലമതിക്കാനാകാത്ത സ്‌നേഹത്തിന്റേയും കരുതലിന്റേയും ഓർമകളുമായാണ് ‘മാതൃഗീതം’ എന്ന ആൽബം ഒരുക്കിയിരിക്കുന്നത്. നാഗർകോവിൽ സ്വദേശിയായ ഡോ. ഗീതാ മോഹൻദാസാണ് ആൽബത്തിനായി വരികൾ എഴുതിയതും ആലപിച്ചിരിക്കുന്നതും. ഗീതാ മോഹൻദാസും മാതാവ് ധർമ്മാമ്പാളുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
മാതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗാനം ഇതിനോടകം നിരവധി പേരാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. ഗീത് മ്യൂസിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിശ്വജിത്താണ്. വീരാളിപ്പട്ട്, രുദ്ര സിംഹാസനം, ഒരാൾ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയത് വിശ്വജിത്താണ്.
ജിഷ്ണു വേണുഗോപാലാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. അജ്മൽ ഷാ എഡിറ്റിങും വിഷ്ണു ഇടുക്കി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. തിരുനൽവേലിയിലെ കല്ലടയ്കുറിച്ചി എന്ന ഗ്രാമത്തിലാണ് ഗാനം ചിത്രീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here