ആരോഗ്യ ഇൻഷുറൻസ് കാലാവധി തീർന്നാലും ചികിത്സ നിഷേധിക്കരുതെന്ന് സൗദിയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം

ആരോഗ്യ ഇൻഷുറൻസിന്റെ കാലാവധി തീർന്നാലും തുടർന്ന് വരുന്ന ചികിത്സ രോഗികൾക്ക് നിഷേധിക്കരുതെന്ന് സൗദിയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം. ഇൻഷുറൻസ് കവറേജ് തുക ബാക്കിയുണ്ടെങ്കിൽ അത് തീരുംവരെ ചികിത്സ തുടരാൻ സൗദി ഇൻഷുറൻസ് കമ്പനികളുടെ സമിതി ആവശ്യപ്പെട്ടു. ചികിത്സയിലിരിക്കെ രോഗിയുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാലാവധി തീർന്നാൽ ചികിത്സ നിർത്തി വെയ്ക്കരുതെന്നും തുടർ ചികിത്സക്ക് രോഗിയിൽ നിന്ന് പണം ഈടാക്കരുതെന്നും ആരോഗ്യ കേന്ദ്രങ്ങൾക്ക് സൗദി ഇൻഷുറൻസ് കമ്പനീസ് നിർദേശം നൽകി.
ചികിത്സയിലായിരിക്കെ ഇൻഷുറൻസ് പോളിസി പുതുക്കാതിരിക്കുകയോ ഇൻഷുറൻസ് മറ്റേതെങ്കിലും കമ്പനിയിലേക്ക് മാറ്റുകയോ ചെയ്താൽ ചികിത്സ നിഷേധിക്കാൻ പാടില്ല. ഏത് ഇൻഷുറൻസ് കമ്പനിക്ക് കീഴിലാണോ ചികിത്സ തുടങ്ങിയത് ആ ഇൻഷുറൻസ് കമ്പനിക്ക് കീഴിൽ തന്നെ ഇൻഷുറൻസ് തുക ബാക്കിയുണ്ടെങ്കിൽ ചികിത്സ പൂർത്തിയാക്കണമെന്ന് സൗദി ഇൻഷുറൻസ് കമ്പനികളുടെ വക്താവ് ആദിൽ ഈസ നിർദേശിച്ചു. ഇടയ്ക്കുവെച്ചു ഇൻഷുറൻസ് കാലാവധി തീർന്നതിനാൽ തുടർ ചികിത്സ നിഷേധിക്കപ്പെടുകയും, പണം അടയ്ക്കാത്തതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന പരാതികൾ കൂടിയ സാഹചര്യത്തിലാണ് നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here