സൗദിയിലെ പുതിയ പ്രിവിലേജ് താമസ പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ നിക്ഷേപം വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

സൗദിയിൽ വരാനിരിക്കുന്ന പുതിയ പ്രിവിലേജ് താമസ പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ നിക്ഷേപം വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ. ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കുറയും. ഇരുപത്തിയൊന്നു വയസ് തികഞ്ഞ വിദേശികൾക്ക് മാത്രമേ പ്രിവിലേജ് ഇഖാമ ലഭിക്കുകയുള്ളൂ.
കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കുക, സാമ്പത്തിക ശേഷി ഉണ്ടായിരിക്കുക, ഇരുപത്തിയൊന്ന് വയസ് പൂർത്തിയാകുക, നിലവിൽ സൗദിയിൽ ഉള്ളവരാണെങ്കിൽ കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കുക, ക്രിമിനൽ കേസുകളിൽ പ്രതി അല്ലാതിരിക്കുക, മാരക രോഗങ്ങൾ ഇല്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുക. ഈ ആറു നിബന്ധനകളാണ് സൗദിലെ പുതിയ ദീർഘകാല താമസവിസ ലഭിക്കാൻ വേണ്ടത്. ലോക്കൽ സ്‌പോൺസർ ഇല്ലാതെയാണ് വിദേശികൾക്ക് സ്‌പെഷ്യൽ പ്രിവിലേജ് ഇഖാമ നൽകുന്നത്. ഗ്രീൻകാർഡിന് സമാനമായ ഈ ഇഖാമ ലഭിക്കുന്നവർക്ക് സ്വന്തമായി രാജ്യത്ത് ബിസിനസ് നടത്താൻ സാധിക്കും. അതോടെ ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.
ഏതാണ്ട് പതിനായിരം കോടി റിയാലിന്റെ പുതിയ വിദേശ നിക്ഷേപം ഈ പദ്ധതി വഴി സൗദിയിൽ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വർഷത്തിൽ നാൽപതിനായിരം കോടി റിയാലിന്റെ മാറ്റം ഉണ്ടാകും. വിദേശ നിക്ഷേപങ്ങൾ ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയതോടെ സമീപകാലത്ത് സൗദിയിൽ നിക്ഷേപങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. സൗദി ശൂറാ കൌൺസിലിന്റെ അംഗീകാരം ലഭിച്ച പുതിയ താമസ നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് വിദേശികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here