ഉത്തർപ്രദേശിലെ സ്‌ട്രോങ് റൂമിൽ നിന്നും ഇവിഎം കടത്താൻ ശ്രമം; തടഞ്ഞ് ബിഎസ്പി പ്രവർത്തകരും പ്രദേശവാസികളും

അമേഠിയ്ക്കു പിന്നാലെ ഉത്തർപ്രദേശിലെ മറ്റൊരു മണ്ഡലത്തിലെ സ്‌ട്രോങ് റൂമിൽ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താൻ ശ്രമം. ഡൊമറിയാഗഞ്ചിലാണ് സംഭവം. ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായ അഫ്താബ് ആലത്തിനെതിരെ ബിജെപിയുടെ ജഗതംബിക പാൽ ആണ് മത്സരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
ഉത്തർപ്രദേശ് ഡോട്ട് ഓർഗ് വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകനായ അനിൽ തിവാരിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചത്. സിറ്റി ഹെഡ്ക്വാട്ടേഴ്‌സിലെ സ്‌ട്രോങ് റൂമിൽ നിന്നും രണ്ടു വാഹനത്തിൽ ഇവിഎം പുറത്തെടുക്കാൻ ശ്രമം നടന്നതായി തിവാരി ട്വിറ്ററിൽ വ്യക്തമാക്കി. ഇവിഎം നിറച്ച വാഹനം പ്രധാന കവാടത്തിൽവെച്ച് പ്രദേശവാസികളും ബിഎസ്പി പ്രവർത്തകരും വാഹനം തടഞ്ഞെന്ന് മഹാസഖ്യ പ്രവർത്തകർ വ്യക്തമാക്കിയതായും തിവാരി ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്താണ് അനിൽ തിവാരി വീഡിയോ ട്വീറ്റു ചെയ്തത്. സംഭവത്തോട് തെരഞ്ഞെടുപ്പു കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ അമേഠിയിലെ സ്‌ട്രോങ് റൂമുകളിൽ നിന്നും ഇവിഎമ്മുകൾ പുറത്തെത്തിച്ച് ട്രക്കുകളിൽ കടത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അമേഠിയിൽ റീ ഇലക്ഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷനും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here