രഞ്ജിത്ത് ജോൺസൺ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം; രണ്ട് ലക്ഷം രൂപ വീതം പിഴ

കൊല്ലം രജ്ഞിത് ജോൺസൻ വധക്കേസിൽ 7 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.25 വർഷത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്ന് സെക്ഷൻസ് കോടതി വ്യക്തമാക്കി.പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴയൊടുക്കണം.
മനോജ് (48), രഞ്ജിത്ത് (32), ബൈജു (45), പ്രണവ് (26), വിഷ്ണു (21), വിനേഷ് (44), റിയാസ് (34) എന്നിവരാണ് കേസിലെ ഏഴ് പ്രതികൾ. കേസിൽ പ്രതികൾക്കെതിരെ 225 തെളിവുകളും, 26 രേഖകളുമുണ്ടായിരുന്നു. ഫെബ്രുവരി 13നാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്.
Read Also : കെവിൻ വധക്കേസ്; വിവിധയിടങ്ങളിൽ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്ന് കോടതി പരിശോധിക്കും
ഒന്നാം പ്രതിയായ മനോജും കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു. എന്നാൽ മനോജിന്റെ ഭാര്യ മനോജിനെ വിട്ട് രഞ്ജിത്തിനൊപ്പം ജീവിക്കാൻ ഒരുങ്ങിയതോടെയാണ് ഇരുവരും ശത്രുക്കളാകുന്നത്. ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രഞ്ജിത്ത് നടത്തുന്ന വളർത്ത് മൃഗങ്ങളെ വിൽക്കുന്ന കടയിൽ, സാധനം വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളിൽ നാല് പേർ എത്തുന്നത്. തുടർന്ന് രഞ്ജിത്തിനെ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ചാത്തന്നൂരിലെ പോളച്ചിറയിൽ എത്തിച്ച് ആളൊഴിഞ്ഞ ഷെഡ്ഡിൽ കൊണ്ടുപോയി രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 20നാണ് രഞ്ജിത്തിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടന്ന അന്വേഷണമാണ് കൊലപാതകം ചുരുളഴിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here