അല്‍ബാനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കരുത്താര്‍ജിക്കുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍

അല്‍ബാനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. കനത്ത മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെ പ്രതിഷേധത്തില്‍ അണിനിരന്നത്. പ്രധാനമന്ത്രി രാജിവെക്കാതെ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
അല്‍ബാനിയയുടെ തലസ്ഥാനമായ ടിരാനയില്‍ ഇന്നലെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കനത്ത മഴയും തടസമായില്ല. ആയിരക്കണക്കിന് സമരക്കാര്‍ കുട ചൂടിയാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. പ്രതിഷേധത്തിന് മുന്‍പായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ലുല്‍സിം ബാഷ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എന്ത് വില കൊടുത്തും പ്രധാനമന്ത്രി എഡ്ഡി രാമയെ രാജിവെയ്പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പിന്നാലെ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസുകാര്‍ക്ക് നേരെ ചെറു പടക്കങ്ങളും ചെറു റോക്കറ്റുകളും പ്രയോഗിച്ചു.
ഫെബ്രുവരി മുതലാണ് അല്‍ബാനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അഴിമതി ആരോപണം നേരിടുന്ന എഡ്ഡി രാമ പ്രധാനമന്ത്രി പദം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സാമ്പത്തിക വാഗ്ദാനങ്ങള്‍ പൂര്‍ത്തീക്കരിക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല എന്ന് പ്രതിഷേധക്കാര്‍ ആക്ഷേപമുന്നയിക്കുന്നു. എന്നാല്‍ നേരത്തേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിഷേധക്കാരുടെ ആവശ്യത്തെ തള്ളിക്കളയുന്നതായാണ് രാമയുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here