അച്ചൻകോവിലാറ്റിലെ എണ്ണപ്പാടക്ക് പിന്നിൽ ശൗചാലയ മാലിന്യം പുഴയിൽ കലർന്നതാകാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

അച്ചൻകോവിലാറ്റിലെ എണ്ണപ്പാടക്ക് പിന്നിൽ ശൗചാലയ മാലിന്യം പുഴയിൽ കലർന്നതാകാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അച്ചൻകോവിലാറ്റിന്റെ് വിവിധ ഭാഗങ്ങളിൽ എണ്ണപ്പാട പടരുന്നതിനെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡ പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ കോളിഫോം ബാക്ടീരിയകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായി കണ്ടെത്തി. വ്യാപകമായി ശൗചാലയ മാലിന്യം തള്ളുകയും അതിന്റെ ദുർഗന്ധം പരക്കാതിരിക്കാൻ മാലിന്യത്തിനൊപ്പം ഏതെങ്കിലും രാസമിശ്രിതം കലർത്തിയതുമാകാം നിറ വ്യത്യാസത്തിനു പിന്നിലെന്നാണ് നിഗമനം. നിലവിലെ സാഹചര്യത്തിൽ അച്ചൻേകാവിലാറ്റിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാൻ പാടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് അച്ചൻകോവിലാറ്റിൽ നിന്നാണ്. കഴിഞ്ഞ കുറെ ദിവസമായി പുഴയിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നതായി പരാതി ഉണ്ടായിരുന്നു. മലീനീകരണ നിയന്ത്രണ ബോർഡിന്റെ വിശദമായ പഠന റിപ്പോർട്ട് രണ്ടു ദിവസത്തിനകം കളക്ടർക്ക് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here