മെയ് 18 ന് രാജ്യത്ത് സ്‌ഫോടനങ്ങൾ നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ബുദ്ധപൂർണിമ ദിനമായ മെയ് പതിനെട്ടിന് രാജ്യത്ത് സ്‌ഫോടനങ്ങൾ നട്തതാൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ വിവിധയിടങ്ങളിൽ വൻ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് ഭീകരർ നേപ്പാൾ വഴി ഇന്ത്യയിൽ കടന്നെന്നും കശ്മീരിലെ ബന്ദിപ്പോരയിലെത്തിയതായും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജമാത്ത്ഉൾ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന ഭീകര ഗ്രൂപ്പാണ് പരിശീലനം നൽകി വനിതാ ചാവേറുകളെ അയച്ചിട്ടുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ എന്നിവിടങ്ങളിലെ ബുദ്ധക്ഷേത്രങ്ങളിൽ സ്‌ഫോടനം നടത്താനാണ് ഭീകരസംഘടന ലക്ഷ്യമിടുന്നത്.
മുസ്ലിങ്ങൾക്ക് നേർക്ക് ബുദ്ധമത വിഭാഗം നടത്തി അതിക്രമങ്ങൾക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് ചാവേർ സ്‌ഫോടനങ്ങൾക്ക് ജമാത്ത്ഉൾ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) മുതിരുന്നതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിലെ നിരോധിത സംഘടനയായ ജെഎംബി, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി സ്‌ഫോടനങ്ങളാണ് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here