Advertisement

കൊൽക്കത്തയിൽ തകർക്കപ്പെട്ട ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന് പ്രധാനമന്ത്രി; മോദി സ്ഥിരം നുണയനെന്ന് ഡെറിക് ഒബ്രയൻ

May 16, 2019
2 minutes Read

കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ തകർത്ത സാമൂഹിക പരിഷ്‌കർത്താവ് ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽലെ മാവുവിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് കണ്ടതാണ്. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അവർ തകർത്തു. അത്തരം ആളുകൾക്കെതിരെ കർശനനടപടി വേണ്ടേയെന്ന് മോദി റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ചോദിച്ചു. വിദ്യാസാഗറിന്റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബിജെപി. പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് പണിയുമെന്നും മോദി പ്രഖ്യാപിച്ചു. അതേസമയം, മോദി സ്ഥിരം നുണയനാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ഡെറക് ഒബ്രയൻ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു ഒബ്രയന്റെ പ്രതികരണം.


പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വികാരപ്രശ്‌നം കൂടിയായ പ്രതിമ തകർക്കൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. മോദിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാന പ്രചാരണ ആയുധമാക്കുന്നതും പ്രതിമ തകർത്ത സംഭവമാണ്.

പശ്ചിമ ബംഗാളിൽ അക്രമങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം മുന്നേ വെട്ടിക്കുറച്ചിരുന്നു. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഞായറാഴ്ച ഒൻപത് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളിൽ വെള്ളിയാഴ്ച വൈകീട്ട് ആറു മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top