Advertisement

രാജ്മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുല്ലപ്പള്ളി

May 17, 2019
0 minutes Read

കാസര്‍കോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തകയും ചെയ്ത സി.പി.എമ്മിന്റെ നടപടിയെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍ സ്വതന്ത്രമായ പൊതുപ്രവര്‍ത്തനത്തിന് പോലും അനുവദിക്കാത്ത സിപിഎമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്.  നീതി പൂര്‍വവും നിര്‍ഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഇവിടങ്ങളില്‍ നടന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനാലാണ് ഇവിടങ്ങളില്‍ റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു പുതിയ വഴിത്തിരവാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരായ അക്രമം.  സിപിഎം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ അക്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നിന്നു. നിയമവാഴ്ചയും ഭരണസംവിധാനങ്ങളും കണ്ണൂര്‍, കാസര്‍ഗോഡ് മേഖലകളില്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഞായറാഴ്ച റീ പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടുരേഖപ്പെടുത്താനാവശ്യമായ ശക്തമായ സുരക്ഷ ഒരുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍കര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സി.പി.എം നടപടി മാധ്യമങ്ങളെ ആട്ടിപ്പായിക്കുന്ന മുഖ്യമന്ത്രിയുടെ നയങ്ങളുടെ ഭാഗമാണെന്നും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top