പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ

പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവന ബിജെപിക്ക് തലവേദനയാകുന്നു. എൻഡിഎ മുന്നണിയിലെ നേതാവായ നിതീഷ് കുമാറിൻ്റെ ആവശ്യം ബിജെപി നേതൃത്വങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിനെ ബിജെപിയിൽനിന്ന് പുറത്താക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.
തനിക്കും തന്റെ പാർട്ടിക്കും ഇത്തരം പരാമര്‍ശങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞയുടെ പരാമർശം അംഗീകരിക്കാനാവില്ല. ഗാന്ധിജി രാഷ്ട്രത്തിന്റെ പിതാവാണ്. ഗോഡ്സെയെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണെന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഗോഡ്‌സെ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞത്. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു.
എന്നാൽ ഇത് പാർട്ടി നിലപാടല്ലെന്ന് പ്രതികരിച്ച ബിജെപി മാപ്പു പറയണമെന്ന് പ്രജ്ഞയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രജ്ഞയെ തള്ളി രംഗത്ത് വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here