11 വർഷം നീണ്ട കരിയറിനു വിട; വിൻസന്റ് കോംപനി സിറ്റി വിട്ടു

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി നായകൻ വിൻസൻ്റ് കോംപനി ക്ലബ് വിട്ടു. 11 വർഷം നീണ്ട കരിയറിനൊടുവിലാണ് സിറ്റിയും കോംപനിയുമായി വേർപിരിയുന്നത്. ഇന്നലെ എഫ്.എ കപ്പ് കിരീടനേട്ടത്തിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്‍റെ വിടവാങ്ങല്‍ പ്രഖ്യാപനം. സിറ്റി വിട്ട കോംപനി ഇനി ബെൽജിയം ക്ലബ് ആൻ്റെർലക്റ്റിനു വേണ്ടിയാണ് ബൂട്ടണിയുക. മാനേജർ കം പ്ലയർ റോളിലാണ് കോംപനിയുടെ ആൻ്റെർലക്റ്റ് കരിയർ ആരംഭിക്കുന്നത്.
ഈ സീസണിൽ ട്രെബിൾ നേട്ടത്തോടെയാണ് കോംപനി ക്ലബ് വിടുന്നത്. പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവയാണ് ഈ സീസണിലെ സിറ്റിയുടെ കിരീട നേട്ടങ്ങൾ. “അവിശ്വസനീയമായ ഒരു സീസണിന്‍റെ സമാപനമാണ് നമ്മള്‍ കണ്ടത്. നീല ജഴ്സിയിൽ എന്റെ പതിനൊന്നാം വർഷം. ഞാൻ ഈ എഴുതുന്നത് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല… ഇപ്പോള്‍ എനിക്ക് പോകാനുള്ള സമയമായി” ആരാധകർക്കുള്ള തുറന്ന കത്തിൽ കോംപനി എഴുതുന്നു. ഭാവി തീരുമാനങ്ങളെക്കുറിച്ച് മറ്റൊരു കുറിപ്പെഴുതുമെന്നും ഈ ബെൽജിയം താരം പറയുന്നു.
2008ൽ ഹാംബർഗർ ക്ലബ്ബിൽ നിന്നാണ് താരം സിറ്റിയിൽ എത്തുന്നത്. സിറ്റിക്ക് വേണ്ടി 360 മത്സരങ്ങൾ കളിച്ച കോംപനി 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 2 എഫ് എ കപ്പും, 4 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീൽഡ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here