എക്‌സിറ്റ് പോളുകൾ ‘എക്‌സാക്റ്റ് ‘ പോളുകളല്ല ! അവ പാളിയ ചരിത്രവുമുണ്ട് !

രണ്ട് മാസക്കാലത്തോളം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒടുവിൽ തിരശ്ശീല വീണു. ഇതിന് പിന്നാലെ തന്നെ വിവിധ മാധ്യമങ്ങളുടേയും ഏജൻസികളുടേയും കെ്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു. എൻഡിഎ സർക്കാരിന് മേൽക്കൈ ലഭിക്കുമെന്ന തരത്തിലായിരുന്നു പലരുടേയും പ്രവചനം. 300 സീറ്റുകളിൽ കൂടുതൽ ഭൂരിപക്ഷം നേടി എൻഡിഎ അധികാരത്തിൽ വരുമെന്ന പ്രവചനം ബിജെപി ക്യാമ്പ് ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ തിരക്കിട്ട സഖ്യ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ എത്രമാത്രം കൃത്യമാണ് എക്‌സിറ്റ് പോൾ ഡേറ്റകൾ. എക്‌സിറ്റ് പോൾ പാളിയ ചരിത്രം ഉണ്ടായിട്ടുണ്ടോ ? ഉത്തരം ഉണ്ടെന്നാണ്. അതിന് മുമ്പ് എന്താണ് എക്‌സിറ്റ് പോൾ എന്നറിയാം.
വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തുവരുന്ന വോട്ടറോട് ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ച് നടത്തുന്ന സർവേയാണ് എക്‌സിറ്റ് പോൾ.
എക്‌സിറ്റ് പോൾ ഫലങ്ങൾ പാളിയ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയുടെ പ്രകടനം 4.3% അധികരിച്ചാണ് കാണിച്ചത്. യുപിഎയുടെ പ്രകടനം 8.9% കുറവും. മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാണ് മൂന്നിൽ രണ്ട് തവണയും യുപിഎ തന്നെയാണ് സർക്കാർ രൂപീകരിച്ചത്.
2004 ൽ 252 സീറ്റ് എൻഡിഎ നേടുമെന്നും 186 സീറ്റ് യുപിഎ നേടുമെന്നുമായിരുന്നു പ്രവചനം. എന്നാൽ 219 സീറ്റുകളോടെ യുപിഎ സർക്കാർ രൂപീകരിച്ചു. അന്ന് ബിജെപിയുടെ പ്രകടനത്തെ 25.8% അധികരിപ്പിച്ചും. യുപിഎയുടെ പ്രകടനത്തെ 17.7% കുറച്ചും കാണിക്കുന്നതായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ.
Read Also : എക്‌സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് കോടിയേരി
2009 ൽ യുപിഎ അധികാരത്തിലേറിയ കാലത്തും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് യുപിഎ സർക്കാരിന്റെ പതനമാണ്. 196 സീറ്റുകളിലേക്ക് യുപിഎയുടെ സീറ്റ് നില് ചുരുങ്ങുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോളിന് നേരെ വിപരീതമായി 262 സീറ്റുകൾ നേടി യുപിഎ സഖ്യം അധികാരത്തിൽ വരുന്ന കാഴ്ച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. അതേസമയം, 187 സീറ്റ് ലഭിക്കുമെന്ന പ്രവചനത്തിന് വിപരീതമായി 159 സീറ്റ് മാത്രം നേടാനെ എൻഡിഎയ്ക്ക് സാധിച്ചുള്ളു.
2014 ൽ എൻഡിഎയ്ക്ക് 274 സീറ്റ് ലഭക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനമെങ്കിൽ 336 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിച്ചു. 22.7% വ്യത്യാസമാണ് വന്നത്. 115 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും 60 സീറ്റുകൾ മാത്രമാണ് കഴിഞ്ഞ വർഷം യുപിഎയ്ക്ക് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here