കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തതിന്റെ കാരണം പറഞ്ഞ് മുൻ ബിജെപി എം പി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തതിന്റെ കാരണം പറഞ്ഞ് മുൻ ബിജെപി എം പി ഉദിത് രാജ്. കേരളത്തിലെ വോട്ടർമാർ വിദ്യാഭ്യാസമുള്ളവരായതിനാൽ അവർ അന്ധമായ ബിജെപി അനുകൂലികളല്ലെന്നും അതാണ് ഇതുവരേയും ഒരു സീറ്റ് പോലും ബിജെപിക്ക് കേരളത്തിൽ കിട്ടാത്തതെന്നുമാണ് ഉദിത് രാജ് പറയുന്നത്. ബിജെപി വിട്ട് കഴിഞ്ഞ ഏപ്രിലിലാണ് എംപിയായ ഉദിത് രാജ് കോൺഗ്രസിനൊപ്പം ചേർന്നത്.
എക്‌സിറ്റ് പോൾ പ്രവചനങ്ങൾ കേരളത്തിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ചതോടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. യുഡിഎഫിന് 15 സീറ്റ് വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് ഉദിത് രാജ് പറയുന്നത്. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കോൺഗ്രസിന്റെ ശശി തരൂർ മൂന്നാം വട്ട വിജയം തേടിയാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് എതിരാളി. സിപിഐയുടെ സി ദിവാകരനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തുള്ളത്.
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ബിജെപി എംപിയായിരുന്നു ഉദിത് രാജ്. പിന്നണി ഗായകനായ ഹാൻസ് രാജ് ഹാൻസിന് ബിജെപി തന്റെ മണ്ഡലം നൽകിയതിൽ പ്രതിഷേധിച്ചാണ് ഉദിത് രാജ് പാർട്ടി വീട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here