ആരാധകർക്കും മഞ്ഞപ്പടയ്ക്കും നന്ദി; മലയാളത്തിൽ നീണ്ട കുറിപ്പെഴുതി ലെൻ ദുംഗൽ ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് വിങ്ങർ ലെൻ ദുംഗൽ ക്ലബ് വിട്ടു. തൻ്റെ ഫേസ്ബുക്ക് പേജിൽ ആരാധകർക്കും മാനേജ്മെൻ്റിനും സഹകളിക്കാർക്കും നന്ദി അറിയിച്ചു കൊണ്ടെഴുതിയ കുറിപ്പിലാണ് അടുത്ത സീസൺ മുതൽ താൻ ക്ലബിൽ ഉണ്ടാവില്ലെന്ന് ലെൻ അറിയിച്ചത്. കേരളീയരെ പ്രതിനിധാനം ചെയ്യുന്നതും ഈ സംസ്കാരത്തിന്റെ ഭാഗം ആവാൻ സാധിച്ചതും അഭിമാനകരമായ നിമിഷം ആയിരുന്നുവെന്നും മലയാളത്തനിമ എവിടെപ്പോയാലും കാത്ത് സൂക്ഷിക്കുമെന്നും ലെൻ അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു പോസ്റ്റ്.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ലെൻ ബ്ലാസ്റ്റേഴ്സിലെത്തിയത്. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 2 ഗോളുകളും 4 അസിസ്റ്റുകളും ലെൻ നേടിയിട്ടുണ്ട്. മികച്ച വേഗതയുള്ള ലെൻ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. ലെൻ പോയതു കൊണ്ട് തന്നെ പറ്റിയ മറ്റൊരു വിങ്ങറെ ബ്ലാസ്റ്റേഴ്സ് ഇനി ടീമിലെത്തിക്കേണ്ടി വരും.
എഫ്സി ഗോവ ദുംഗലിനെ സൈൻ ചെയ്തു എന്ന റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ബ്ലാസ്റ്റേഴ്സുമായുള്ള കോണ്ട്രാക്ട് അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഗോവ ലെൻ ദുംഗലിനെ ടീമിലെത്തിച്ചത്.
ലെൻ ദുംഗലിൻ്റെ പോസ്റ്റ്:
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സ്വന്തം നാട്ടിൽ എല്ലാ പ്രിയപ്പെട്ട മലയാളികൾക്കു മുൻപിൽ ഏറെക്കാലം കളിക്കാൻ ഞാൻ ആഗ്രഹിച്ചു. ചിലപ്പോഴൊക്കെ ക്ലബിന് ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും നിർഭാഗ്യവശാൽ ഞാൻ അടുത്ത സീസണിൽ ക്ലബ്ബിന്റെ ഭാഗം ആവില്ല.
ഈ അവസരത്തിൽ ടീം മാനേജ്മെന്റിനും എന്റെ സഹതാരങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇതിനൊക്കെ മുകളിൽ എന്നെ സ്നേഹിച്ച ഞാൻ സ്നേഹിക്കുന്ന എന്റെ എല്ലാ ആരാധർക്കും പിന്നെ മഞ്ഞപ്പടക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു കൊള്ളുന്നു.. നിങ്ങൾ എല്ലാവരും തന്ന സ്നേഹവും വാത്സല്യവും എന്നെ നിങ്ങളുടെ സ്വന്തം കുടുംബത്തെ പോലെ ആക്കിയിരിക്കുന്നു. കേരളീയരെ പ്രതിനിധാനം ചെയ്യുന്നതും ഈ സംസ്കാരത്തിന്റെ ഭാഗം ആവാൻ സാധിച്ചതും അഭിമാനകരമായ നിമിഷം ആയിരുന്നു, ഞാൻ എന്നും ഈ ഓർമ്മകളെ വിലമതിക്കുകയും, ഞാൻ പോകുന്നിടത്തെല്ലാം മലയാളി തനിമയെ എപ്പോഴും കൊണ്ട് നടക്കുകയും ചെയ്യും.
കേരളത്തിനും മലയാളികൾക്കും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here