അവസാന മാച്ചിൽ തോൽവി; ഇനി കളിക്കാൻ സാവിയില്ല

മുൻ സ്പാനിഷ്-ബാഴ്സലോണ മധ്യനിര താരം സാവി ഹെർണാണ്ടസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഖത്തർ ക്ലബ് അൽ സാദിനു വേണ്ടി അവസാന മത്സരം കളിച്ച സാവി ഈ മാസാരംഭത്തിൽ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എഎഫ്സി ചാമ്പ്യൻസ് ലീഗിലെ അവസാന ലീഗ് മാച്ചായിരുന്നു സാവിയുടെ അവസാന മത്സരം. കളിയിൽ ഇറാനിലെ പെർസ്പോളിസ് ക്ലബിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ സാദ് പരാജയപ്പെട്ടിരുന്നു.
കളിക്കാരൻ്റെ റോളിൽ നിന്നും പരിശീലകൻ്റെ റോളിലേക്ക് കൂടു മാറുമ്പോഴും അൽസാദിൽ തന്നെയാവും സാവിയുടെ തുടക്കം. ഖത്തറിൽ സമ്മർദ്ദം കുറവുണ്ടെന്നും തനിക്ക് അതിൽ അനുഭവജ്ഞാനം നേടണമെന്നും സാവി വെളിപ്പെടുത്തിയിരുന്നു.
2014ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി തൊട്ടടുത്ത വർഷം ബാഴ്സലോണയിൽ നിന്നും വിട്ടിരുന്നു. ഇനിയസ്റ്റക്കൊപ്പം 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന സാവി 2008, 2012 യൂറോ കപ്പ് ജേതാവ് കൂടിയാണ്. സ്പാനിഷ് ക്ലബ് ബാഴ്സലോനയ്ക്കു വേണ്ടി 767 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സാവി ക്ലബിനൊപ്പം 25 കിരീട വിജയങ്ങളിൽ പങ്കാളിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here