അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ കോടതിയില്‍

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ അഴിമതിക്കേസില്‍ കോടതിയില്‍. ഫ്രഞ്ച് കമ്പനിയുമായി ആയുധ ഇടപാടുകള്‍ നടത്തിയതുള്‍പ്പെടയുള്ള കേസുകളിലാണ് ജേക്കബ് സുമ വിചാരണ നേരിടുന്നത്. എന്നാല്‍ കോടതി സുമയോട് നീതി കാണിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ പിറ്റ്‌സ്ബര്‍ഗ് കോടതിയിലാണ് ജേക്കബ് സുമ ഹാജരായത്. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ 16 ലധികം അഴിമതി കേസുകള്‍ സുമക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് ഇദ്ദേഹം കോടതിയില്‍ ഹാജരാവുന്നത്.
വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2017 ലാണ് സുമ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. അഴിമതി ആരോപണം തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് ജേക്കബ് സുമ പ്രതികരിച്ചു. പ്രശസ്ത അഭിഭാഷകന്‍ മുസി ശിഖാനാണ് സുമക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. 2009 മുതല്‍ 2017 വരെ തുടര്‍ച്ചയായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ രാജി വെച്ചതിനെ തുടര്‍ന്ന് സിറില്‍ റംഫോസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here