കോൺഗ്രസിൽ കൂട്ട രാജി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോൺഗ്രൻസിൽ കൂട്ട രാജി. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറടക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാർ രാജിവെച്ചു. സംസ്ഥാനത്ത് പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ് ബബ്ബാർ അധ്യക്ഷൻ രാഹുൽ ഗാന്ധിത്ത് രാജിക്കത്ത് നൽകി.
അമേഠിയിലെ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ യോഗേന്ദ്ര മിശ്രയാണ് രാജിവെച്ച മറ്റൊരാൾ. കോൺഗ്രസ് കർണാടക പ്രചാരണ തലവൻ എച്ച് കെ പാട്ടിലും ഒഡീഷ പാർട്ടി അധ്യക്ഷൻ നിരജ്ഞൻ പട്‌നായിക്കും ഇതിനോടകം രാജിവെച്ചു. കർണാടകയിലും ഒഡീഷയിലും കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടിരുന്നു. പരമ്പരാഗത മണ്ഡലമായ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടത് പാർട്ടിക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്. അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയാ ഗാന്ധിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും രാഹുൽ ഗാന്ധി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. രാഹുൽ ഗാന്ധി യോഗത്തിലും രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here