‘തോൽവിക്ക് കാരണം ഗൂഢോലോചന; പിന്നിൽ സ്വാശ്രയ കോളെജ് മുതലാളി’: തുറന്നു പറഞ്ഞ് എം ബി രാജേഷ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി എം ബി രാജേഷ്. തോൽവിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് നടത്തിയത് സ്വാശ്രയ കോളെജ് മുതലാളിയാണെന്നും എം ബി രാജേഷ് വ്യക്തമാക്കി. തോൽവിക്ക് കാരണം ഒരിക്കലും പാർട്ടിയല്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
തനിക്കെതിരെ വ്യക്തിപരമായിട്ടല്ല. എൽഡിഎഫിനെതിരെ കേരളത്തിലാകെ കെട്ടിച്ചമച്ച ആരോപണമാണ് ഉയർന്നത്. അത് വ്യാജമാണെന്ന് വളരെ പെട്ടെന്ന് തന്നെ തെളിയുകയും ചെയ്തു. അത് ഗൂഢാലോചനയാണെന്ന് വ്യക്തമായതാണ്. ഒരു സ്വാശ്രയ കോളെജ് ഉടമ അതിന് പിന്നിൽ പ്രവർത്തിച്ചതായാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും എം ബി രാജേഷ് പറഞ്ഞു. ചെർപ്പുളശ്ശേരി പീഡനം സംബന്ധിച്ച ആരോപണങ്ങളോടാണ് എം ബി രാജേഷ് ഇങ്ങനെ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തിയിട്ടില്ല. തങ്ങളേക്കാൾ കൂടുതൽ വോട്ട് അവർക്ക് ലഭിച്ചുവെന്നും കുറച്ച് വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചതെന്നുമാണ് ഇപ്പോൾ പറയാൻ സാധിക്കുന്നത്. മണ്ണാർകാട് മണ്ഡലത്തിൽ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ ഏകീകരണം പാലക്കാട് ഒരളവ് വരെ ബാധിച്ചിട്ടുണ്ട്.
വിലയിരുത്തലുകൾ നടത്തണം. അതിന് ശേഷമേ തോൽവിക്ക് വ്യക്തമായ കാരണങ്ങൾ പറയാൻ സാധിക്കുകയുള്ളൂവെന്നും എം ബി രാജേഷ് വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠനാണ് തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയിയായിരിക്കുന്നത്. പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ നിന്നാണ് ശ്രീകണ്ഠന് കൂടുതൽ വോട്ട് ലഭിച്ചത്. ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളിലായിരുന്നു രാജേഷ് മുന്നിട്ടുനിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here