‘മുഖ്യമന്ത്രി പദം രാജിവെക്കാൻ തയ്യാർ’: മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പദം രാജിവെക്കാൻ സന്നദ്ധയാണെന്ന് പാർട്ടിയെ അറിയിച്ചതായി മമത ബാനർജി. ബംഗാൾ മുഖ്യമന്ത്രി ആയല്ല, പാർട്ടി അധ്യക്ഷയായി തുടരാനാണ് തനിക്ക് താൽപര്യമെന്നും മമത വ്യക്തമാക്കി. രാജി സന്നദ്ധത പാർട്ടി തള്ളിയെന്നും മമത പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തിനു തൊട്ട് പിന്നാലെയാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ബിജെപി 18 എംപിമാരെ സംസ്ഥാനത്ത് നിന്ന് വിജയിപ്പിച്ചിരുന്നു.
താൻ ഈ ചർച്ചയുടെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സേനകൾ തങ്ങൾക്കെതിരെ പ്രവർത്തിച്ചു. സംസ്ഥാനത്ത് ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു. ഹിന്ദു മുസ്ലീം ധ്രുവീകീരണം ഉണ്ടാക്കി വോട്ടുകൾ അവർ വിഘടിപ്പിച്ചു. തങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി, എന്നാൽ നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തൃണമൂൽ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.
ബംഗാളിൽ 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂൽ കോൺഗ്രസിന് ഈ വർഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളിൽ നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here