ബിഡിജെഎസിൽ പൊട്ടിത്തെറി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദയനീയ തോൽവിക്ക് പിന്നാലെ ബിഡിജെഎസിൽ പൊട്ടിത്തെറി. ജില്ലയിലെ ബിഡിജെഎസ് നേതാക്കൾ വോട്ടുമറിച്ചതാണ് തോൽവിയുടെ ആഴം കൂട്ടിയതെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ രംഗത്തെത്തി.
ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന നിയമസഭ മണ്ഡലങ്ങളിലെ ബിഡിജെഎസ് നേതാക്കൾ പണം വാങ്ങി വോട്ട് മറിച്ചെന്ന് സംശയമുണ്ടെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയാണ് കൂടെ നിന്നതെന്നും ബിജു പറഞ്ഞു. ബിഡിജെഎസ് വിട്ട് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇടുക്കിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും ബിജു കുറ്റപ്പെടുത്തി.
ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിച്ച നിയമസഭ മണ്ഡലങ്ങളിലാണ് ഏറ്റവും അധികം വോട്ട് കുറഞ്ഞതെന്നും ബിജു കൃഷ്ണൻ ആരോപിക്കുന്നു. 2016ൽ തൊടുപുഴയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 28,845 വോട്ടാണ്. ഇത്തവണ അത് 15,223 വോട്ടായി കുറഞ്ഞു. ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലും സ്ഥിതി സമാനമാണെന്നും ബിജു കൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ ബിജു കൃഷ്ണൻ നേടിയത് 78,648 വോട്ട് മാത്രമാണ്. ഡീൻ കുര്യാക്കോസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ 92,405 വോട്ടുകളുടെ കുറവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഒന്നേകാൽ ലക്ഷം വോട്ടുകൾ ലഭിച്ചിടത്താണ് ഈ തകർച്ചയെന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here