കേരള കോൺഗ്രസിൽ പൊട്ടിത്തെറി; ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കരുതെന്ന് സ്പീക്കർക്ക് കത്ത്

നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി. പി.ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കരുതെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. പാർലമെന്ററി പാർട്ടി ലീഡറിന്റെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർക്ക് പാർലമെന്ററി പാർട്ടി ലീഡറുടെ ചുമതല പാർട്ടി ഭരണഘടന അനുസരിച്ച് ലഭിക്കുന്നതല്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ലീഡറെ തെരഞ്ഞെടുക്കേണ്ടതാണെന്നും പാർലമെന്ററി പാർട്ടി ലീഡറെ നിശ്ചയിച്ച് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ കക്ഷി നേതാവായിരുന്ന കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ സ്പീക്കർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനെ എതിർത്താണ് ജോസ്.കെ മാണി പക്ഷം ഇപ്പോൾ സ്പീക്കർക്ക് മറ്റൊരു കത്ത് നൽകിയിരിക്കുന്നത്.
ഡെപ്യൂട്ടി പാർലമെന്ററി ലീഡറായിരുന്ന പി.ജെ ജോസഫിനാണ് നിയമസഭാ കക്ഷി നേതാവിന്റെ ചുമതല നൽകിയിരിക്കുന്നതെന്നും ഇതിനാൽ നിയമസഭയിലെ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നൽകണമെന്നായിരുന്നു മോൻസ് ജോസഫിന്റെ ആവശ്യം. മോൻസിന്റെ കത്ത് സ്പീക്കർ പരിഗണിക്കുന്നതിനിടെയാണ് ജോസ് കെ മാണി പക്ഷത്തു നിന്നും ഇതിനെ എതിർത്ത് റോഷി അഗസ്റ്റിൻ എംഎൽഎയും കത്ത് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here