ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യക്ക് ദയനീയ തോൽവി

ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. ആറു വിക്കറ്റിനായിരുന്നു ന്യൂസിലൻഡ് ജയം കുറിച്ചത്. ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ പിഴുത ട്രെൻ്റ് ബോൾട്ടാണ് ന്യൂസിലൻഡിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. സ്കോർ: ഇന്ത്യ- 179/10 (39.2), ന്യൂസിലൻഡ്- 180/4 (37.1)
രണ്ട് റൺസ് വീതമെടുത്ത ഓപ്പണർമാരെ പുറത്താക്കിയ ബോൾട്ട് ന്യൂ ബോളിൽ താൻ എത്ര മാത്രം അപകടകാരിയാണെന്ന് തെളിയിച്ചു. 6 റൺസെടുത്ത ലോകേഷ് രാഹുലിനെയും പുറത്താക്കിയ ബോൾട്ട് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. 18 റൺസുമായി ഒരറ്റത്ത് പിടിച്ചു നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കോളിൻ ഡി ഗ്രാൻഡ്‌ഹോം പുറത്താക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് കൂപ്പു കുത്തി. തുടർന്ന് ഹർദ്ദിക് പാണ്ഡ്യ (30), എംഎസ് ധോണി (17) എന്നിവർ ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും ജിമ്മി നീഷത്തിനു മുന്നിൽ പാണ്ഡ്യയും സൗത്തിക്ക് മുന്നിൽ ധോണിയും വീണു. ദിനേഷ് കാർത്തിക് (4) പുറത്തായതിനു ശേഷം ഭുവനേശ്വർ കുമാർ (1), കുൽദീപ് യാദവ് (19) എന്നിവരെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 54 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് രണ്ടാം ഓവറിൽ തന്നെ ജസ്പ്രീത് ബുംറ തിരിച്ചടി നൽകി. 4 റൺസെടുത്ത മൺറോ പുറത്തായതിനു ശേഷം ക്യാപ്റ്റൻ കെയിൻ വില്ല്യംസണും മാർട്ടിൻ ഗപ്റ്റിലും ചേർന്ന് ഇന്നിംഗ്സ് നയിക്കെ രണ്ടാം വിക്കറ്റ് വീണു. 22 റൺസെടുത്ത ഗപ്റ്റിലിനെ ഹർദ്ദിക് പാണ്ഡ്യ ആണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലൊത്തു ചേർന്ന ന്യൂസിലൻഡ് നിരയിലെ വെറ്ററൻ താരങ്ങളായ ഗപ്റ്റിലും വില്ല്യംസണും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിൽ നിന്നു പുറത്താക്കി. 114 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഈ സഖ്യം 30ആം ഓവറിൽ വേർപിരിഞ്ഞു. 67 റൺസെടുത്ത വില്ല്യംസണെ ചഹാൽ പുറത്തക്കി. വിജയത്തിന് ഒരു റൺ അകലെ വെച്ച് റോസ് ടെയ്‌ലർ (71) പുറത്തായെങ്കിലും ന്യൂസിലൻഡ് അനായാസേന വിജയലക്ഷ്യം കണ്ടു.
28ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. മെയ് 30 നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here