ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലെ കുറവ്; ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി

ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പരിശോധന നടത്തുന്നതിന് മുൻപ് നിഗമനത്തിലെത്താൻ കഴിയില്ലെന്നും സംഭവത്തിൽ വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.സ്‌ട്രോങ് റൂമുകൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also; വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും
അതേ സമയം ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് സമിതി ശബരിമലയിലെ സ്‌ട്രോങ്ങ് റൂം നാളെ തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ശബരിമലയിൽ വഴിപാടായി ലഭിച്ച 40 കിലോ സ്വർണവും 100 കിലോ വെള്ളിയുമാണ് കുറവുള്ളതായി കണ്ടെത്തിയത്. സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് തെളിഞ്ഞത്.
Read Also; ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതം: എ പത്മകുമാർ
ഇതോടെ ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. രജിസ്റ്ററിൽ കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.
എന്നാൽ ഇതു സംബന്ധിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിന്റെ പ്രതികരണം. സ്വർണ്ണം നഷ്ടപ്പെട്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ ബോർഡ് അനുവദിക്കില്ല. പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടു എന്നു തെളിഞ്ഞാൽ കർശനമായ നടപടിയെടുക്കുമെന്നും പത്മകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here