പരിക്കിന്റെ ലോകകപ്പ്; ടീമുകൾ ഭയാശങ്കയിൽ

ഈ ലോകകപ്പ് പരിക്കുകളിൽ പെട്ട് ഉഴറുകയാണ്. പല ടീമുകളിലെയും കളിക്കാർ പരിക്കിൻ്റെ പിടിയിലാണ്. സന്നാഹ മത്സരങ്ങളിൽ മിക്ക കളിക്കാരും വിശ്രമത്തിലായിരുന്നു. ഉലകപ്പോരിൽ ടീമിൻ്റെ സാധ്യതകളെത്തന്നെ തകർത്തെറിയാൻ സാധ്യതയുള്ളതാണ് പല പരിക്കുകളും.
ലോകകപ്പിനു മുൻപ് തന്നെ ഇന്ത്യക്ക് പരിക്കിൻ്റെ ഭീഷണി വന്നിരുന്നു. ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കേദാർ ജാദവിൻ്റെ പരിക്ക് ലോകകപ്പിനു മുൻപ് മാറുമോ എന്ന ആശങ്കകൾ വൈകാതെ മാറി. തുടർന്ന് കഴിഞ്ഞ ദിവസം ഓൾറൗണ്ടർ വിജയ് ശങ്കറിനാണ് പരിക്കേറ്റത്. വിജയ് ശങ്കർ ഇന്നലെ സന്നാഹ മത്സരത്തിൽ ഇറങ്ങിയില്ല. ഓപ്പണർ ശിഖർ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റത് ആശങ്കയുണ്ടാക്കിയെങ്കിലും ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ധവാൻ കളത്തിലിറങ്ങി.
ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിട്ട ഇംഗ്ലണ്ടിന്റെ പേസർ മാർക്ക് വുഡും ഓൾറൗണ്ടർ ജോഫ്ര ആർച്ചറും പരിക്കുകളോടെയാണ് കളം വിട്ടിറങ്ങിയത്. ക്യാപ്റ്റൻ ഓയിൻ മോർഗനും സ്പിന്നർ ആദിൽ റഷീദിനും നേരത്തെ പരിക്കേറ്റിരുന്നു. എന്നാലും തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനു മുൻപ് മോർഗൻ പരിക്കിൽ നിന്ന് മുക്തനാകുമെന്ന വാർത്ത ഇംഗ്ലണ്ടിന് ആശ്വാസമാണ്.
അഫ്ഗാനിസ്ഥാൻ്റെ വെടിക്കെട്ട് ഓപ്പണർ മുഹമ്മദ് ഷഹ്സാദ് പേശീവലിവിനെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള സന്നാഹ മത്സരത്തിനിടെ ക്രീസ് വിട്ടിരുന്നു. സഹ ഓപ്പണർ ഹസ്റതുള്ള സസായും പൂർണ്ണ ഫിറ്റല്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ ശ്രീലങ്കയുടെ അവിഷ്ക ഫെർണാണ്ടോ, ഇസിരു ഉഡാന എന്നിവരും പരിക്കേറ്റ് കളം വിട്ടിരുന്നു. ന്യൂസിലൻഡ് ഓൾറൗണ്ടർ ടോം ലതം പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലാണ്. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പരിക്ക് ഭേദമാവും എന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here