കേരള കോൺഗ്രസിലെ പാർലമെന്ററി പാർട്ടി ലീഡർ തർക്കം; ജൂൺ 9 ന് മുമ്പ് തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ

കേരള കോൺഗ്രസിൽ പാർലമെന്ററി പാർട്ടി ലീഡറെച്ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ പാർലമെന്ററി പാർട്ടി ലീഡറെ ജൂൺ 9 ന് മുമ്പ് തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദേശം നൽകി. നിയമസഭയിൽ പി.ജെ ജോസഫിനെ കെ.എം മാണിയുടെ പകരക്കാരനായി മുൻ നിരയിൽ ഇരുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോൻസ് ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ ഇതിനെ എതിർത്ത് പാർട്ടി വിപ്പും ജോസ് കെ മാണി പക്ഷക്കാരനുമായ റോഷി അഗസ്റ്റിൻ എംഎൽഎ മറ്റൊരു കത്തും സ്പീക്കർക്ക് നൽകി. നിയമസഭാ കക്ഷി നേതാവിനെ പാർട്ടി തെരഞ്ഞെടുത്തിട്ടില്ലെന്നും പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവായി പരിഗണിക്കരുതെന്നുമായിരുന്നു റോഷി അഗസ്റ്റിൻ എംഎൽഎ കത്തിൽ വ്യക്തമാക്കിയത്. ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പി.ജെ ജോസഫിന് കെ.എം മാണി ഇരുന്നിരുന്ന മുൻനിര സീറ്റ് സ്പീക്കർ അനുവദിച്ചിരുന്നു. സീറ്റ് ഒഴിച്ചിടാൻ സാധിക്കാത്തതിനാലാണ് ജോസഫിന് സീറ്റ് നൽകിയതെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here