പ്രളയത്തെപ്പറ്റി ആദ്യ സിനിമ; രതീഷ് രാജുവിന്റെ ‘മൂന്നാം പ്രളയം’ തീയറ്ററുകളിലേക്ക്

കേരളം അനുഭവിച്ച ഭീകരമായ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള ആദ്യ സിനിമ തീയറ്ററുകളിലേക്ക്. ‘മൂന്നാം പ്രളയ’മെന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമ യുവ എഴുത്തുകാരൻ രതീഷ് രാജു ആണ് അണിയിച്ചൊരുക്കുന്നത്. ‘ആത്മരതിയുടെ അവശേഷിപ്പുകൾ’ എന്ന പേരിലുള്ള രതീഷിൻ്റെ ഓർമ്മക്കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് രാജു ട്വൻ്റിഫോർ ന്യൂസിനോട് പറഞ്ഞു. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. ചിത്രം നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിൻ്റെ അടയാളമാണെന്ന് സംവിധായകൻ പറഞ്ഞു. ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ ചിത്രം പ്രദർശനത്തിനെത്തുമെന്നും സംവിധായകൻ അറിയിച്ചു.
13 ദിവസം കൊണ്ടാണ് നവാഗതനായ രതീഷ് രാജു ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ആകെ 120 പേർ ക്യാമറയ്ക്ക് മുന്നിലെത്തിയതിൽ അറുപതോളം പുതുമുഖങ്ങളുണ്ട്. അടിമാലി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിൻ്റെ ക്ലൈമാക്സ് കല്ലാർക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.
2018ൽ പുറത്തിറങ്ങിയ ‘ഒന്നുമറിയാതെ’ എന്ന സിനിമയുടെ തിരക്കഥ രചിച്ച എസ്കെ വില്വൻ ആണ് മൂന്നാം പ്രളയത്തിനും തൂലിക ചലിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ നടൻ ജയറാം നിർവഹിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് നിർമ്മിച്ചിരിക്കുന്നത്.
അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ചിത്രത്തിൽ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്സണും മേക്കപ്പ് ലാൽ കരമനയും നിർവഹിക്കും. ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോയും പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ലയുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here