Advertisement

“ലിനിയുടെ മക്കളുടെ പഠനച്ചിലവ് ഞാൻ ഏറ്റെടുത്തോട്ടെ?”; പാർവതിയെപ്പറ്റി ലിനിയുടെ ഭർത്താവ് സനീഷിൻ്റെ കുറിപ്പ്

May 27, 2019
1 minute Read

നടി പാർവതിയെപ്പറ്റി ഹൃദ്യമായ കുറിപ്പുമായി സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. ലിനിയുടെ ഓർമ ദിവസത്തോടനുബന്ധിച്ച് ഇന്നലെ ഭർത്താവ് സജീഷ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. ലിനി മരിച്ചതിന്റെ മൂന്നാം ദിവസം തന്നെ തേടിയെത്തിയ ഒരു ഫോൺകോളിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ലിനിയുടെ മക്കളുടെ പഠനച്ചിലവ് താൻ ഏറ്റെടുത്തോട്ടെ എന്ന ചോദ്യവുമായി തന്നെ വിളിച്ച പാർവതിയെപ്പറ്റിയാണ് സജീഷിൻ്റെ കുറിപ്പ്. അന്ന് താൻ അത് നിരസിച്ചുവെന്നും പിന്നീട് പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു എന്നും സജീഷ് കുറിയ്ക്കുന്നു.

കുറിപ്പിൻ്റെ പൂർണ്ണ രൂപം:

ഉയരെ…. ഉയരെ… പാർവ്വതി

പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ ‘ഉയരെ’ കാണാൻ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും

അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌
ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌
” സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി” എന്ന വാക്കുകൾ ആണ്‌.
പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു.
” ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം” എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു.

ഒരുപാട്‌ സ്നേഹത്തോടെ പാർവതി തിരുവോത്തിന്‌ ആശംസകൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top