തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണം; 11 നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആദായനികുതി വകുപ്പ്

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ദിഗ് വിജയ സിംഗ് ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയ ആരോപണത്തില്‍ കേസ് എടുക്കണമെന്ന് ആദായനികുതി വകുപ്പ്. ഇക്കാര്യം ചൂണ്ടി കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഐടി വിഭാഗം നൽകിയ കത്തും രേഖകളും കമ്മീഷൻ സിബിഐക്ക് കൈമാറി. സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുകള്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ശേഷം തുടർ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അടുത്ത അനുനായികളുടെ പേരുകളും ഐ ടി വിഭാഗത്തിന്‍റെ റിപ്പോർട്ടില്‍ ഉള്ളതിനാല്‍ തുടർ നടപടികള്‍ സർക്കാരിനെ സംബന്ധിച്ചും നിർണായകമാണ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പുറകെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് വിവിധ അന്വേഷണ ഏജന്‍സികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമല്‍നാഥിന്‍റെ അടുത്ത അനുനായികള്‍ ഉള്‍പ്പടെ 11 സ്ഥാനാര്‍ത്ഥികള്‍ സ്വകാര്യ സംഘടനയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇന്‍കം ടാക്സ് വിഭാഗം ആരോപിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന 20 കോടി രൂപ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന തെളിവുകള്‍ ഐ ടി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. മധ്യപ്രദേശ് മുഖ്യമന്ത്രിയും ഭോപ്പാല്‍ ലോക്സഭാ സ്ഥാനാർത്ഥിയുമായിരുന്ന ദിഗ്വിജയ് സിങിന് 90 ലക്ഷം രൂപ ലഭിച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. മറ്റുള്ളവർക്ക് 25 മുതൽ 50 ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ടെന്നും ഐ ടി വിഭാഗത്തിന്‍റെ റിപ്പോർട്ടിലുണ്ട്. ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും തെളിവുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിബിഐക്ക് കൈമാറിയിരിക്കുകയാണ്.
ലോക്സഭ സ്ഥാനാർത്ഥികളുടെ ചെലവുകൾ ജൂൺ അവസാന വാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അതിന് ശേഷമാകും ഇക്കാര്യത്തില്‍ തുടർ നടപടി സ്വീകരിക്കുക. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി അടുത്ത ബന്ധമുള്ളവർ പണം കൈപ്പറ്റിയെന്ന കണ്ടെത്തല്‍ ഉള്ളതിനാല്‍ തുടർ നടപടികള്‍ അദ്ദേഹത്തിലേക്കും നീങ്ങുമെന്ന സൂചനകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here