അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം തേടും, ആലപ്പുഴയിലെ തോൽവി പരിശോധിക്കുമെന്നും മുല്ലപ്പള്ളി

നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എ.പി അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം തേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അബ്ദുള്ളക്കുട്ടിയുടെ വിവാദ പരാമർശത്തെപ്പറ്റി പ്രത്യേക സമിതി പരിശോധിക്കും. കണ്ണൂർ ഡിസിസിയുടെ പരാതി കണക്കിലെടുത്താണ് തീരുമാനമെന്നും അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തെപ്പറ്റി പ്രത്യേക സമിതി അന്വേഷിക്കും. ആലപ്പുഴയിലും വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്താണ് തോൽവിക്ക് കാരണമായതെന്ന് പരിശോധിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രളയ സെസിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ജനവിധി മാനിക്കാൻ സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറാകണം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here