വൈദ്യുതി കണക്ഷൻ ഉത്തരവ് പാവപ്പെട്ട കൃഷിക്കാരെ സഹായിക്കാൻ; വി.എസ്സിന് മറുപടിയുമായി മന്ത്രി എം.എം മണി

ഇടുക്കി ജില്ലയിൽ വൈദ്യുതി കണക്ഷനുകൾ നൽകുന്നതിന് റവന്യൂ വകുപ്പിൽ നിന്നുള്ള എൻഒസി ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് കയ്യേറ്റ കേസുകളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് മന്ത്രി എം.എം മണി. ഉത്തരവിനെതിരെ വി.എസ് അച്യുതാനന്ദൻ നൽകിയ കത്തിന് മറുപടിയായാണ് മണി നിലപാട് വ്യക്തമാക്കിയത്. പാവപ്പെട്ട കൃഷിക്കാർക്കും ചെറുകിട സംരംഭകർക്കും നിയമാനുസൃതം ലഭ്യമാകേണ്ട വൈദ്യുതി കണക്ഷനുകൾ അനാവശ്യ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് സർക്കാർ ഉത്തരവിന്റെ ഉദ്ദേശം.
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനോ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനോ ഇത് സംബന്ധിച്ച് കോടതിയിൽ നിലവിലുള്ള കേസുകൾ നടത്തുന്നതിനോ സർക്കാർ തീരുമാനം പ്രതികൂലമായി ബാധിക്കുന്നതല്ല. ഊർജ്ജ വകുപ്പ് തികച്ചും നിയമാനുസൃതമായാണ് ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും വി.എസിന് നൽകിയ മറുപടി കത്തിൽ മണി വ്യക്തമാക്കിയിട്ടുണ്ട്. എൻഒസി ഇല്ലാതെ തന്നെ ഇടുക്കി ജില്ലയിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും വൈദ്യുതി കണക്ഷൻ നൽകാമെന്ന ഉത്തരവിനെതിരെ വി.എസ് അച്യുതാനന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഉത്തരവ് ഇടതുപക്ഷ നയത്തിന് ചേർന്നതല്ലെന്നും അത് പിൻവലിക്കണമെന്നുമായിരുന്നു വി.എസിന്റെ നിലപാട്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് മൂന്നാറിൽ തിരിച്ചു പിടിച്ച ഭൂമിയുടെ കേസുകളെയടക്കം പുതിയ ഉത്തരവ് ബാധിക്കുമെന്ന് വൈദ്യുതി മന്ത്രിക്കയച്ച കത്തിൽ വി.എസ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here