‘സമൂഹ നിസ്‌ക്കാരത്തിൽ സ്ത്രീക്കും പുരുഷനുമിടയിൽ മറ വേണ്ട’: പ്രമുഖ സൗദി പണ്ഡിതൻ

സമൂഹ നിസ്‌ക്കാരത്തിലേർപ്പെടുന്ന സ്ത്രീ പുരുഷന്മാർക്കിടയിൽ മറ ആവശ്യമില്ലെന്നു പ്രമുഖ സൗദി പണ്ഡിതൻ ആദിൽ കൽബാനി. പ്രവാചകന്റെ കാലത്ത് നിലവിലില്ലാത്ത രീതിയാണ് ഇപ്പോൾ പല പള്ളികളിലും പിന്തുടരുന്നതെന്ന് കൽബാനി പറഞ്ഞു. പ്രമുഖ സൗദി ടെലിവിഷനുമായുള്ള അഭിമുഖത്തിലാണ് കൽബാനി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏറെ ചർച്ചകൾക്ക് വഴിവെക്കാവുന്ന അഭിപ്രായമാണ് പ്രമുഖ സൗദി പണ്ഡിതനും മക്കയിലെ മസ്ജിദുൽ ഹറാം പള്ളിയിലെ മുൻ ഇമാമുമായ ഷെയ്ഖ് ആദിൽ അൽ കൽബാനി പറഞ്ഞിരിക്കുന്നത്. സമൂഹ നിസ്‌കാരത്തിൽ സ്ത്രീക്കും പുരുഷനുമിടയിൽ മറ ആവശ്യമില്ലെന്ന് കൽബാനി പറഞ്ഞു. പ്രവാചകന്റെ കാലത്ത് ഈ മറയിടുന്ന പ്രവണത ഇല്ലായിരുന്നു. പ്രവാചകൻ അങ്ങിനെ നിർദേശിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ സ്ത്രീ പുരുഷന്മാർക്കിടയിൽ മറയിടുന്ന നിലവിലുള്ള രീതിക്ക് ഇസ്ലാമിൽ അടിസ്ഥാനമില്ല. ഈ വിവേചനം അനീതിയാണ്. നിസ്‌കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിന്റെ ശബ്ദം സ്പീക്കറിലൂടെ മാത്രമേ ഇപ്പോൾ സ്ത്രീകൾ കേൾക്കുന്നുള്ളൂ. മുന്നിലുള്ളവരെ കാണാൻ സാധിക്കുന്നില്ല. ശബ്ദ സംവിധാനത്തിന് തകരാർ സംഭവിച്ചാൽ ഇമാമിനോടൊപ്പമുള്ള സ്ത്രീകളുടെ നിസ്‌കാരം പ്രശ്‌നമാകും. ഇത് അവസാനിക്കണമെന്നും കൽബാനി പറഞ്ഞു.
പുരുഷന്മാർക്ക് തൊട്ടു പിറകിൽ പുരുഷന്മാരെ കാണും വിധമായിരുന്നു പ്രവാചകന്റെ കാലത്ത് സ്ത്രീകൾ നിസ്‌കരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ എസ്ബിസി ടെലിവിഷനുമായുള്ള അഭിമുഖത്തിലാണ് കൽബാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സൗദിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതികളെയും സ്ത്രീ ശാക്തീകരണ പദ്ധതികളെയും കൽബാനി പ്രശംസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here