ഹാരിസൺ കൈവശംവെച്ചിരിക്കുന്ന ഭൂമിയിൽ നിന്നും ഉപാധികളോടെ കരം സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഹാരിസൻ കൈവശംവെച്ചിരിക്കുന്നതും ക്രയവിക്രയം ചെയ്തതുമായ ഭൂമികളിൽ നിന്ന് ഉപാധികളോടെ കരം സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇത്തരം തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനു വേണ്ടി സിവിൽ കേസ് ഫയൽ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹാരിസൺ കൈവശംവെച്ചിരിക്കുന്നതും വിറ്റതുമായ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിന് സിവിൽ കേസ് ഫയൽ ചെയ്യാനാണ് മന്ത്രിസഭായോഗ തീരുമാനം. ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലായിരിക്കും സിവിൽ കേസ് ഫയൽ ചെയ്യുക. കേസിലെ അന്തിമ വിധി അനുസരിച്ചായിരിക്കും ഉടമസ്ഥാവകാശം ഉറപ്പിക്കുക എന്ന ഉപാധികളോടെ ഇത്തരം തോട്ടങ്ങളിൽ നിന്ന് കരംപിരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം, മധ്യവേനൽ അവധി കഴിഞ്ഞു ജൂൺ മൂന്നിന് പകരം ജൂൺ 6 ന് സ്‌ക്കൂളുകൾ തുറന്നാൽ മതിയെന്നും മന്ത്രിസഭ യോഗത്തിൽ ധാരണയായി. റംസാൻ കണക്കിലെടുത്താണ് നടപടി. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാൻ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ട് ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചു. ക്ലാസുകൾ ലയിപ്പിക്കുന്നതിന് പകരം ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ഏകീകരിക്കാനാണ് ധാരണ. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി രാജൻ ഖോബ്രഗഡേയെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിലെ സെക്രട്ടറി രാജീവ് സദാനന്ദൻ ഈ മാസം 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here