സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി എയർലൈൻസും ഹറമൈൻ അതിവേഗ റെയിൽവേയും

സൗദി അറേബ്യൻ എയർലൈൻസും ഹറമൈൻ അതിവേഗ റെയിൽവേയും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. യാത്രക്കാരുടെ ലഗ്ഗേജ് നീക്കങ്ങളും ബുക്കിംഗും ഇതുവഴി എളുപ്പമാകും എന്നാണ് പ്രതീക്ഷ.
ഹജ്ജ് ഉംറ തീർത്ഥാടകർ ഉൾപ്പെടെ ട്രെയിൻ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് സൗദി അറേബ്യൻ എയർലൈൻസും ഹറമൈൻ റെയിൽവേയും സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇതുപ്രകാരം വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം വികസിപ്പിക്കും. യാത്രക്കാരുടെ ലഗ്ഗേജുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിൽ എത്തിക്കാൻ സൗകര്യം ഒരുക്കും.
മക്ക, മദീന, ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ വിമാനത്താവളം, റാബഗ് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സൗദിയ ഓഫീസുകൾ ആരംഭിക്കും. സൗദി റെയിൽവേ ഓർഗനൈസേഷൻ പ്രസിഡന്റ് റുമായ് റുമയ്ഹും സൗദി എയർലൈൻസ് ഡയറക്ടർ ജനറൽ സാലിഹ് ബിൻ നാസർ അൽ ജാസിറുമാണ് കരാറിൽ ഒപ്പു വെച്ചത്. സൗദിവിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ കരാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here