ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ട് കൂറ്റൻ ജയത്തിലേക്ക്

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് കൂറ്റൻ ജയത്തിലേക്ക്. ഏഴു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഇതു വരെ മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറാണ് തകർത്തെറിഞ്ഞത്. അവസാനം വിവരം കിട്ടുമ്പോൾ 35 ഓവറിൽ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 182 റൺസിലെത്തിയിട്ടുണ്ട്.
നാലാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്രയുടെ വേഗമേറിയ ബൗൺസർ ഹെൽമറ്റിലിടിച്ചതിനെത്തുടർന്ന് അംല ക്രീസ് വിടുമ്പോൾ സ്കോർ ബോർഡിൽ 14 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. അംലക്ക് പിന്നാലെ ക്രീസിലെത്തിയ എയ്ഡൻ മാർക്രം എട്ടാം ഓവറിൽ പുറത്തായി. 11 റൺസെടുത്ത മാർക്രമിനെ സ്ലിപ്പിൽ ജോ റൂട്ടിൻ്റെ കൈകളിലെത്തിച്ച ആർച്ചർ തൻ്റെ ആദ്യ ലോകകപ്പ് വിക്കറ്റും സ്വന്തമാക്കി. 10ആം ഓവറിൽ ആർച്ചർ തൻ്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. 5 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ മൊയീൻ അലിയുടെ കൈകളിലെത്തിച്ചാണ് ജോഫ്ര ഇംഗ്ലണ്ടിന് രണ്ടാം ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്.
തുടർന്ന് വാൻ ഡർ ഡസ്സനും ക്വിൻ്റൺ ഡികോക്കും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 85 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ താങ്ങി നിർത്തിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി. 23ആം ഓവറിൽ 68 റൺസെടുത്ത ഡികോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. 26ആം ഓവറിൽ 8 റൺസ് മാത്രമെടുത്ത ഡുമിനിയെ മൊയീൻ അലി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഡ്വെയിൻ പ്രെട്ടോറിയസ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക തകർന്നു. 32ആം ഓവറിൽ അർദ്ധസെഞ്ചുറി അടിച്ചതിനു തൊട്ടു പിന്നാലെ ഡസ്സനെ പുറത്താക്കിയ ആർച്ചർ തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
തുടർന്ന് പരിക്കേറ്റ് മടങ്ങിയ അംല വീണ്ടും ക്രീസിലെത്തി. 35ആം ഓവറിലെ ആദ്യ പന്തിൽ പെഹ്‌ലുക്ക്‌വായോയെ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയ ബെൻ സ്റ്റോക്സ് ആദിൽ റഷീദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. നിലവിൽ 7 റൺസെടുത്ത ഹാഷിം അംലയും ഒരു റണ്ണെടുത്ത കഗീസോ റബാഡയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here