സ്മൃതി ഇറാനിയുടെ അനുയായി കൊല്ലപ്പെട്ട സംഭവം; മുഖ്യ പ്രതി പിടിയിൽ

അമേഠിയിൽ സ്മൃതി ഇറാനിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്രൻ സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വാസിം എന്നയാളാണ് അറസ്റ്റിലായത്. പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ കാലിൽ വെടിയുണ്ട തുളഞ്ഞുകയറി. നിലവിൽ ജാമോയിലുള്ള സിഎച്ച്‌സി ആശുപത്രിയിൽ ചികിത്സയിലാണ് വാസിം.
ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ചാണ് പൊലീസുമായി വാസിം ഏറ്റുമുട്ടിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. സെക്യൂരിറ്റി സേന ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പ്രതിയെ കാണാൻ ആരെയും അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് സുപ്പീരിയൻഡന്റ് ഓഫ് പൊലീസ് ദയ രാം പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
Read more: സ്മൃതി ഇറാനിക്ക് വേണ്ടി പ്രവർത്തിച്ച ഗ്രാമ മുഖ്യനെ വെടിവെച്ചു കൊന്നു
സുരേന്ദ്രൻ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ ജയിലിലേക്ക് മാറ്റി. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രൻ സിംഗ് കൊല്ലപ്പെടുന്നത്. സുരേന്ദ്രൻ സിംഗിന്റെ വീട്ടിലെത്തിയ ആക്രമികൾ അദ്ദേഹത്തിന്റെ നേരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ലക്‌നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്മൃതിക്ക് വേണ്ടി മികച്ച പ്രകടനമാണ് സുരേന്ദ്രൻ സിംഗ് കാഴ്ചവെച്ചിരുന്നത്. തന്റെ പ്രസംഗങ്ങളിൽ സ്മൃതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here