പാക്കിസ്ഥാനെ തകർത്ത് റസൽ; നാലു വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലാണ് പാക്കിസ്ഥാനെ തകർത്തത്. ശേഷിക്കുന്ന ഒരോ വിക്കറ്റുകൾ ഷെൽഡൻ കോട്രലും ഒഷേൻ തോമസും നേടി. ഇമാമുൽ ഹഖ്, ഫഖർ സമാൻ, ഹാരിസ് സൊഹൈൽ, ബാബർ അസം എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്.
മികച്ച നിലയിലാണ് പാക്കിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഇമാമുൽ ഹഖ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെച്ച ഫഖർ സമാൻ വേഗത്തിൽ സ്കോർ ചെയ്തു. മൂന്നാം ഓവറിൽ രണ്ട് റൺസെടുത്ത ഇമാമുൽ ഹഖിനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച കോട്രെൽ വിൻഡീസിന് ആദ്യ ബ്രേക്‌ത്രൂ നൽകുമ്പോൾ സ്കോർ ബോർഡിൽ 17 റൺസാണ് ഉണ്ടായിരുന്നത്.
തുടർന്ന് ക്രീസിലെത്തിയ പാക്കിസ്ഥാൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബാബർ അസം ഫഖർ സമാനൊപ്പം ചേർന്നതോടെ സ്കോർ ഉയരാൻ തുടങ്ങി. എന്നാൽ, ആന്ദ്രേ റസലിനു പന്തേല്പിക്കാനുള്ള വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറുടെ തീരുമാനം ശരി വെച്ചു കൊണ്ട് റസൽ സമാനെ പുറത്താക്കി. ഒരു ഷോർട്ട് ബോൾ കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പ് തെറിപ്പിച്ചു. 16 പന്തുകളിൽ 22 റൺസെടുത്ത സമാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഹാരിസ് സൊഹൈലിന് 11 പന്തുകൾ മാത്രമായിരുന്നു ആയുസ്സ്. എട്ട് റൺസെടുത്ത ഹാരിസിനെ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച റസൽ തൻ്റെ രണ്ടാം വിക്കറ്റ് നേടി.
ബ്രാത്‌വെയ്റ്റ് എറിഞ്ഞ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറിൽ ബാബർ അസമിൻ്റെ ഒരു ഈസി ക്യാച്ച് വിട്ടുകളഞ്ഞ ഷിംറോൺ ഹെട്മെയർ അസമിന് ആയുസ്സ് നീട്ടി നൽകിയെങ്കിലും അത് 14ആം ഓവറിൽ അവസാനിച്ചു. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അസമിനെ പുറത്താക്കിയ ഒഷേൻ തോമസ് തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. പുറത്താകുമ്പോൾ 22 റൺസായിരുന്നു ബാബറിൻ്റെ സമ്പാദ്യം.
അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ 14 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ 70 റൺസ് നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here