സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് സംസ്ഥാന സമിതിയിൽ തുടരും. ശബരിമല വിധി നടപ്പിലാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നെന്നും ബിജെപിയുടെ വളർച്ച തടയാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് അഭിപ്രായം.
വ്യാഴാഴ്ച്ച രാത്രി വരെ നീണ്ട സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി യോഗം ആരംഭിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച സംസ്ഥാന സമിതിയിൽ ഇന്നും തുടരും. വിശ്വാസികളിൽ ഒരു വിഭാഗം തെറ്റിധരിക്കപ്പെട്ടുവെന്നും പാർട്ടി അനുഭാവികളായ അവരുടെ വോട്ടുകൾ ചോർന്നെന്നും നേരത്തെ കണ്ടെത്തിയ സിപിഐഎം , ആ വോട്ടുകൾ യുഡിഎഫിനൊപ്പം ബിജെപിക്കും കൂടെ പോയെന്ന വിലയിരുത്തലാണ് നടത്തുന്നത്. ശബരിമല വിധി നടപ്പിലാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നും പാർട്ടി നിലപാട് ജനങ്ങളോട് വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയരുന്നത് സിപിഐഎം ഏത് വിധത്തിൽ പ്രതിരോധിക്കുമെന്നുമാണ് ഏവരും ഉറ്റു നോക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ ശബരിമലയെപ്പറ്റി മൗനം പാലിച്ചത് തിരിച്ചടിയായെന്നും ബിജെപി ഇത് മുതലെടുക്കുകയും ചെയ്‌തെന്നാണ് അഭിപ്രായം. പാർട്ടി വോട്ടുകൾ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയി. ഹൈന്ദവ സമൂഹം മുഴുവനായും എതിരായിരുന്നില്ല.എന്നാൽ പാർട്ടക്കൊപ്പം നിന്നിരുന്ന ഒരു വിഭാഗം വിശ്വാസികളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി. ഇവരെ തിരിച്ചു കൊണ്ടുവരണം. ബിജെപിയുടെ വളർച്ച ആശങ്കാജനകമെന്നും തടയാൻ അടിയന്തര ഇടപെടൽ വേണമെന്നുമുള്ള അഭിപ്രായത്തിന്റെ ചുവട് പിടിച്ചുള്ള ചർച്ചകൾ ഇന്നും തുടരാനാണ് സാധ്യത.
അതേ സമയം ശബരിമലയിൽ പാർട്ടി സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും അതിൽ നിന്നിനി പിന്നോട്ട് പോയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുള്ള വിലയിരുത്തലും ഉണ്ടായത് മുഖ്യമന്ത്രി പിണറായി വിജയനുള്ള പിന്തുണയാണ് സൂചിപ്പിക്കുന്നത്.ശബരിമല വിഷയം പേരെടുത്ത് പറഞ്ഞുള്ള ചർച്ചകളിൽ ഇന്നും ഇതേ അഭിപ്രായം തുടരാനാണ് സാധ്യത.
പാർട്ടി ശക്തികേന്ദ്രമായ ആലത്തൂരിലുണ്ടായ കനത്ത പരാജയം ഞെട്ടിക്കുന്നതെന്നും ബൂത്തു തലം മുതലുള്ള പരിശോധന വേണമെന്നുമാണ് അഭിപ്രായം ഉയരുന്നത്.പാലക്കാട്ട് എം.ബി.രാജേഷിന്റെ തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യത സി പി ഐ എം കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ടേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here