സൗദി രാജകുമാരനെന്ന പേരിൽ ആൾമാറാട്ടവും ആഢംബര ജീവിതവും; യുവാവിന് 18 വർഷം തടവ്

സൗദി രാജകുടുംബാംഗമാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ ആൾക്ക് യുഎസിൽ 18 വർഷം തടവ്. ഫ്ളോറിഡ സ്വദേശി ആന്തണി ഗിഗ്നാകിനെയാണ് യുഎസ് കോടതി തടവിനു ശിക്ഷിച്ചത്. 2017-ൽ ആണ് ആന്തണി അറസ്റ്റിലാകുന്നത്.
വ്യാജ നയതന്ത്ര രേഖകളും മറ്റും ഉപയോഗിച്ച് ഖാലിദ് ബിൻ അൽ സൗദ് എന്ന പേരിൽ മയാമിയിലെ ഫിഷർ ദ്വീപിലായിരുന്നു അറസ്റ്റിലാകുമ്പോൾ ഇയാളുടെ താമസം. നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പർ പ്ലേറ്റുള്ള ഫെറാരി കാറായിരുന്നു ചില സമയങ്ങളിൽ ഇയാൾ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. 24 മണിക്കൂറും അംഗരക്ഷകരുടെ സംരക്ഷണവുമുണ്ടായിരുന്നു.
ആഢംബര ജീവിതം നയിച്ച ആന്തണി 80 ലക്ഷം ഡോളറിന്റെ നിക്ഷേപ തട്ടിപ്പ് ഇതിനിടെ നടത്തി. നിരവധി പേർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ആഢംബര വസ്ത്രങ്ങൾ, ആഢംബര ബോട്ടുകൾ, സ്വകാര്യ ജെറ്റ് റൈഡറുകൾ, റോളക്സ് വാച്ചുകൾ, കാർട്ടിയർ ബ്രേസ്ലറ്റുകൾ എന്നിവ വാങ്ങാനാണ് ഇയാൾ ഈ പണം ഉപയോഗിച്ചത്. സുൽത്താൻ എന്നായിരുന്നു നിക്ഷേപകർ ഇയാളെ വിളിച്ചിരുന്നത്.
2017-ലാണ് ആന്തണി മയാമിയിൽ താമസമാക്കിയത്. ഈ വർഷംതന്നെ ഇയാൾ അറസ്റ്റിലായി. അതിനു മുൻപു തന്നെ ഇയാൾ നിരവധി ഖാലിദ് രാജകുമാരന്റെ വേഷംകെട്ടിയിരുന്നു. കൊളംബിയയിൽ ജനിച്ച ആന്തണിയെ മിഷിഗണിൽനിന്നുള്ള ഒരു കുടുംബം ദത്തെടുത്തു വളർത്തുകയായിരുന്നു. 17-ാം വയസിലാണ് ഇയാൾ ആൾമാറാട്ടം തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here