ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച; 136 റൺസിന് എല്ലാവരും പുറത്ത്.

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 136 റൺസിന് എല്ലാവരും പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ കിവീസ് പേസർമാരാണ് ശ്രീലങ്കയെ കെട്ടുകെട്ടിച്ചത്. അർദ്ധസെഞ്ചുറിയടിച്ച ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാക്കിയെല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ലഹിരു തിരിമന്നെയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മാറ്റ് ഹെൻറി മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെയും കുശാൽ പെരേരയും ചേർന്ന് ശ്രീലങ്കൻ ഇന്നിംസിന് ദിശാബോധം നൽകി. 42 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് ആ സഖ്യം വേർപിരിയുന്നത്. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കുശാൽ പെരേര മാറ്റ് ഹെൻറിയുടെ പന്തിൽ ഒരു ലോഫ്റ്റഡ് ഷോട്ടിനു ശ്രമിച്ച് കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ കൈകളിൽ അവസാനിച്ചു. 24 പന്തുകളിൽ 29 റൺസെടുത്ത ശേഷമാണ് കുശാൽ മടങ്ങിയത്. തൊട്ടടുത്ത പന്തിൽ കുശാൽ മെൻഡിസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ ഗപ്റ്റിലിൻ്റെ കൈകളിലെത്തിച്ച ഹെൻറി തൻ്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.
12ആം ഓവറിൽ ധനഞ്ജയ ഡിസിൽവ (4), 15ആം ഓവറിൽ ആഞ്ജലോ മാത്യൂസ് (0), 16ആം ഓവറിൽ ജീവൻ മെൻഡിസ് (1) എന്നിവർ കൂടി കിവീസ് പേസിനു മുന്നിൽ വീണു. മാത്യൂസിനെ ഗ്രാൻഡ്‌ഹോം ടോം ലതമിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ മറ്റ് രണ്ട് പേരെയും ലോക്കീ ഫെർഗൂസനാണ് പുറത്താക്കിയത്. ഡിസിൽവ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയും ജെവൻ മെൻഡിസ് നീഷമിൻ്റെ കൈകളിൽ അവസാനിക്കുകയുമായിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും പിടിച്ചു നിന്ന ദിമുത് കരുണരത്നെ തുടർന്ന് തിസാര പെരേരയുമായിച്ചേർന്ന് ശ്രീലങ്കൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെച്ച പെരേര സാൻ്റ്നറിനെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായതോടെയാണ് ആ കൂട്ടുകെട്ട് അവസാനിച്ചത്. 23 പന്തുകളിൽ 27 റൺസെടുത്ത പെരേര ഏഴാം വിക്കറ്റിൽ കരുണരത്നെയോടൊപ്പം 52 റൺസ് കൂട്ടുകെട്ടിൽ പങ്കാളിയായിരുന്നു. തുടർന്ന് 29ആം ഓവറിൽ ഏഴ് റൺസെടുത്ത സുരങ്ക ലക്മൽ ബോൾട്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഇതിനിടെ 80 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി തികച്ച കരുണരത്നെയെ 30ആം ഓവറിലെ ആദ്യ പന്തിൽ സാൻ്റ്നർ കൈവിട്ടെങ്കിലും തൊട്ടടുത്ത പന്തിൽ മലിംഗയെ (1) ക്ലീൻ ബൗൾഡാക്കിയ ഫെർഗൂസൻ ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 52 റൺസെടുത്ത കരുണരത്നെ പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here