മുസ്തഫിസുറിന് 3 വിക്കറ്റ്; ബംഗ്ലാദേശിന് ഐതിഹാസിക വിജയം

ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് ഐതിഹാസിക വിജയം. 21 റൺസിനാണ് ബംഗ്ലാദേശ് ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചത്. 331 റൺ സ്വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുക്കാനേ സാധിച്ചുള്ളൂ. 3 വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 62 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ.
ലോകകപ്പ് സമ്മർദ്ദം താങ്ങാനാവാതെ വിക്കറ്റ് തുലയ്ക്കുന്ന ദക്ഷിണാഫ്രിക്കയെയാണ് ഓവലിൽ കണ്ടത്. വലിയ പരിക്കുകളില്ലാതെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓപ്പണിംഗ് സഖ്യം 10ആം ഓവറിൽ വേർപിരിഞ്ഞത് അശ്രദ്ധ കൊണ്ടാണ്. മെഹദി ഹസൻ്റെ പന്തിൽ ഡികോക്ക് നൽകിയ ക്യാച്ച് വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ നിലത്തിട്ടെങ്കിലും ഇല്ലാത്ത റണ്ണിനോടിയ ഡികോക്കിനെ നേരിട്ടുള്ള ഏറിലൂടെ മിഷ്ഫിക്കർ തന്നെ പുറത്താക്കി. ഓപ്പണിംഗ് വിക്കറ്റിൽ എയ്ഡൻ മാർകരവുമായിച്ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ഡികോക്ക് മടങ്ങിയത്. 23 റൺസായിരുന്നു ഡികോക്കിൻ്റെ സ്കോർ.
ഡികോക്ക് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മാർക്രവുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും സാവധാനമെങ്കിലും സ്ഥിരതയോടെ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം കൃത്യം 10 ഓവറുകൾക്കു ശേഷം വേർപിരിഞ്ഞു. ഷാക്കിബുൽ ഹസൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ മാർക്രം അർദ്ധസെഞ്ചുറിയിൽ നിന്നും അഞ്ച് റൺസ് മാത്രം അകലെയായിരുന്നു.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന ഡുപ്ലെസിസ് 45 പന്തുകളിൽ അരസെഞ്ചുറി കുറിച്ചു. എന്നാൽ 27ആം ഓവറിൽ മെഹദി ഹസനു വിക്കറ്റ് സമ്മാനിച്ച് ഡുപ്ലെസിസും മടങ്ങി. മെഹ്ദി ഹസൻ്റെ പന്തിൽ വിക്കറ്റു തെറിച്ച് മടങ്ങിയ ഫാഫ് 62 റൺസെടുത്തിരുന്നു. തുടർന്ന് ഡേവിഡ് മില്ലറും വാൻ ഡെർ ഡസ്സനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തു. 36ആം ഓവറിൽ 38 റൺസെടുത്ത ഡേവിഡ് മില്ലറെ മെഹദി ഹസൻ്റെ കൈകളിലെത്തിച്ച മുസ്തഫിസുർ മത്സരത്തിലെ ആദ്യ വിക്കറ്റ് കണ്ടെത്തി. തുടർന്ന് മികച്ച രീതിയിൽ ബാറ്റ് ചെയ്ത വാൻ ഡർ ഡസ്സനാണ് പുറത്തായത്. 41 റൺസെടുത്ത ഡസ്സനെ സൈഫുദ്ദീനാണ് പുറത്താക്കിയത്.
ആൻഡൈൽ പെഹ്‌ലുക്ക്‌വായോ (8), ക്രിസ് മോറിസ് എന്നിവർ (10) വേഗം പുറത്തായി. സൈഫുദ്ദീനും മുസ്തഫിസുറിനുമായിരുന്നു വിക്കറ്റ്. 48ആം ഓവറിൽ 45 റൺസെടുത്ത ഡുമിനിയെ മുസ്തഫിസുർ ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ അവസാനിച്ചു. 13 റൺസെടുത്ത റബാഡയും 10 റൺസെടുത്ത താഹിറും പുറത്താവാതെ നിന്നു.
ഈ ലോകകപ്പിൽ ഒരു ഏഷ്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. നേരത്തെ ശ്രീലങ്കയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരാജയപ്പട്ടിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ രണ്ടാം തോൽവിയാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here