സ്ഥാനം മോഹിച്ച് കോൺഗ്രസിലെത്തിയതല്ല; കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്ന് അബ്ദുള്ളക്കുട്ടി
സ്ഥാനം മോഹിച്ച് കോൺഗ്രസിലെത്തിയതല്ലെന്നും താൻ കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി. കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെപിസിസി നടപടിയോട് പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. മുല്ലപ്പള്ളി വികാരത്തിനടിമപ്പെട്ട് എടുത്ത തീരുമാനമാണിത്. വിവേകത്തോടെയെടുത്ത നടപടിയല്ല. കോൺഗ്രസിൽ നിന്നും പുറത്താക്കിയ നടപടി വേദനിപ്പിക്കുന്നതാണ്. സ്ഥാനം മോഹിച്ചല്ല താൻ കോൺഗ്രസിൽ എത്തിയതെന്നും പൊതുപ്രവർത്തന രംഗത്ത് തുടരുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. രാഷ്ട്രീയത്തിന് അതീതമായി വികസനത്തിന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് തന്റെ നിലപാടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് കെപിസിസി അബ്ദുള്ളക്കുട്ടിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു. തുടർന്ന് അബ്ദുള്ളക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കെപിസിസി അബ്ദുളളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here