കരുത്തായി മൂന്ന് അർദ്ധ സെഞ്ചുറികൾ; പാക്കിസ്ഥാന് കൂറ്റൻ സ്കോർ

ലോകകപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസാണ് പാക്കിസ്ഥാൻ അടിച്ചു കൂട്ടിയത്. 84 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലിയും ക്രിസ് വോക്സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരത്തിൽ വിൻഡീസ് സ്വീകരിച്ച ഷോർട്ട് ബോൾ തന്ത്രം തന്നെയാണ് ഇംഗ്ലണ്ടും സ്വീകരിച്ചത്. എന്നാൽ അത് തിരിച്ചടിച്ചു. ആക്രമണം ലക്ഷ്യമിട്ട് ക്രീസിലെത്തിയ ഓപ്പണർമാർ പേസർമാരെ അനായാസം നേരിട്ടപ്പോൾ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി. ഷോർട്ട് ബോളുകളെ സധൈര്യം നേരിട്ട ഇരുവരും ആദ്യ വിക്കറ്റിൽ 82 റൺസാണ് കൂട്ടിച്ചേർത്തത്. പേസർമാരെ മാറിപ്പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ മൊയീൻ അലിയുടെ കയ്യിൽ പന്തേല്പിച്ചതോടെയാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. മൊയീൻ അലി എറിഞ്ഞ 15ആം ഓവറിലെ ആദ്യ പന്തിൽ ജോസ് ബട്ലർ ഫഖർ സമാനെ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പുറത്താവുമ്പോൾ 36 റൺസായിരുന്നു സമാൻ്റെ സമ്പാദ്യം.
കൃത്യം ആറ് ഓവറുകൾക്കു ശേഷം പാക്കിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. ഇത്തവണയും മൊയീൻ അലിക്ക് തന്നെയായിരുന്നു വിക്കറ്റ്. 44 റൺസെടുത്ത ഇമാമുൽ ഹഖിനെ മൊയീൻ അലി ക്രിസ് വോക്സിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ മുഹമ്മദ് ഹഫീസും ബാബർ അസമും ചേർന്ന് വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. മികച്ച നിലയിൽ ബാറ്റ് ചെയ്ത ഇരുവരും വേഗത്തിൽ സ്കോർ ചെയ്തു. ഇതിനിടെ ബാബർ അസം 50 പന്തുകളിൽ തൻ്റെ ആദ്യ അർദ്ധസെഞ്ചുറി കുറിച്ചു. മൂന്നാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 33ആം ഓവറിലാണ് വേർപിരിയുന്നത്. മൊയീൻ അലി തന്നെയായിരുന്നു മൂന്നാമതും ഇംഗ്ലണ്ടിനു ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. അലിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ബാബർ അസം ക്രിസ് വോക്ക്സിൻ്റെ കൈകളിൽ അവസാനിച്ചു.
ഇതിനിടെ ആദിൽ രഷീദിൻ്റെ പന്തിൽ ജേസൻ റോയ് കൈവിട്ട മുഹമ്മദ് ഹഫീസ് 39 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചു. ബൗളർമാരെ കടന്നാക്രമിച്ച ഹഫീസിനു മുന്നിൽ മറുപടിയില്ലാതായ ഇംഗ്ലീഷ് ബൗളർമാർ എല്ലാവരും കണക്കിനു തല്ലു വാങ്ങി. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയിലേക്കു കുതിച്ച ഹഫീസിനെ ഒടുവിൽ മാർക്ക് വുഡ് ആണ് പുറത്താക്കിയത്. വുഡിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ക്രിസ് വോക്സിനു മൂന്നാം വിക്കറ്റ് സമ്മാനിച്ചു മടങ്ങുമ്പോൾ സെഞ്ചുറിയിൽ നിന്നും 16 റൺസ് മാത്രം അകലെയായിരുന്നു ഹഫീസ്. നാലാം വിക്കറ്റിൽ സർഫറാസിനൊപ്പം 80 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ഹഫീസ് മടങ്ങിയത്.
മറു വശത്ത് ആക്രമണം തുടർന്ന സർഫറാസ് 40 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു. ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ആസിഫ് അലി (14) മാർക്ക് വുഡിൻ്റെ പന്തിൽ ജോണി ബാരിസ്റ്റോയുടെ കൈകളിൽ അവസാനിച്ചെങ്കിലും ആക്രമണം തുടർന്ന സർഫറാസ് 48ആം ഓവറിൽ ക്രിസ് വോക്സിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്വന്തം പന്തിൽ വോക്സ് പിടിച്ച് പുറത്താവുമ്പോൾ 44 പന്തിൽ 55 റൺസായിരുന്നു സർഫറാസിൻ്റെ സ്കോർ. തുടർന്ന് ക്രീസിലെത്തിയ വഹാബ് റിയാസ് ആ ഓവറിൽ തന്നെ 4 റൺസെടുത്ത് പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച റിയാസ് വോക്സിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ജോ റൂട്ടിൻ്റെ കൈകളിൽ അവസാനിച്ചു. അവസാന ഓവറിൽ ആദ്യ പന്തിൽ 8 റൺസെടുത്ത ഷൊഐബ് മാലിക്കിനെ ഓയിൻ മോർഗൻ്റെ കൈകളിലെത്തിച്ച വോക്സ് മത്സരത്തിലെ തൻ്റെ മൂന്നാം വിക്കറ്റ് കണ്ടെത്തി. ഇന്നിംഗ്സിലുടനീളം പാക്കിസ്ഥാൻ സ്വീകരിച്ച ആക്രമണാത്മക ബാറ്റിംഗ് അവസാന ഘട്ടത്തിൽ തുടരാൻ കഴിയാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി. സ്ലോഗ് ഓവറുകളിൽ തകർപ്പൻ ബൗളിംഗ് കാഴ്ച വെച്ച വോക്സ് ആണ് പാക്ക് ഇന്നിംഗ്സിനെ പിടിച്ചു നിർത്തിയത്. ഹസൻ അലിയും ഷദബ് ഖാനും 10 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത മൊയീൻ അലിക്ക് പുറമെ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here