ബിജെപി പ്രവേശനം; നളിൻകുമാർ കട്ടീലുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ എ.പി അബ്ദുള്ളക്കുട്ടി ബിജെപി എം.പി നളിൻകുമാർ കട്ടീലുമായി കൂടിക്കാഴ്ച നടത്തി. കാസർകോട് ജില്ലയുടെ ചുമതല കൂടിയുള്ള നേതാവാണ് ദക്ഷിണ കന്നഡയിലെ എംപിയായ നളിൻ കുമാർ കട്ടീൽ. മംഗലാപുരത്ത് സ്ഥിര താമസമാക്കിയ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലെ മുസ്ലീം മുഖമായി അവതരിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അബ്ദുള്ളക്കുട്ടിക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന പ്രചരണങ്ങൾക്കിടെ മംഗലാപുരത്ത് വെച്ചാണ് ബിജെപി എംപിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്ന് ചർച്ചയെന്നാണ് സൂചന.
അതേ സമയം ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയാൽ ബിജെപി അക്കാര്യം ചർച്ച ചെയ്യുമെന്നും എം.ടി രമേശ് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here