തെരഞ്ഞെടുപ്പ് തോൽവി; സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സ്ഥാനമൊഴിയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിയെ അറിയിച്ചത്. അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചത്.
Read Also; ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചാണ് പദവി ഒഴിയണമെന്ന ആവശ്യം അറിയിച്ചത്. ഇരു യോഗങ്ങളും അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെട്ടെങ്കിലും സുധാകർ റെഡ്ഡി തീരുമാനത്തിൽ ഉറച്ച് നിന്നു. അടുത്ത മാസം ചേരുന്ന ദേശീയ കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനംഎടുക്കുക. പുതിയ സെക്രട്ടറിയെയും യോഗം തെരഞ്ഞെടുക്കും. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡി രാജ , ബിനോയ് വിശ്വം , അതുൽ കുമാർ അന്ജാൻ , അമർജീത് കൗർ എന്നിവരിൽ ഒരാളെ ജനറൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാനാണ് സാധ്യത. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ കേരള ഘടകത്തിന്റെ നിലപാട് നിർണായകമായേക്കും. ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡിക്ക് 2021 ഏപ്രിൽ വരെ കാലാവധിയുണ്ട്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ രണ്ട് സീറ്റുകൾ മാത്രമാണ് സിപിഐക്ക് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here