എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ സ്രവങ്ങള്‍ രാസ പരിശോധനയ്ക്കയച്ചു

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ സ്രവങ്ങള്‍ രാസ പരിശോധനയ്ക്കയച്ചു. നിലവില്‍ അഞ്ചുപേരാണ് കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. അതേ സമയം കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. നിപ്പ ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്കും ഇന്ന് പ്രത്യേകപരിശീലനം നല്‍കും.
ആരോഗ്യ മന്ത്രി കെ കെ ശൈലജ എറണാകുളത്ത് ക്യാമ്പ് ചെയ്താണ് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൃശൂര്‍ ചാലക്കുടി സ്വദേശിയായ ഒരാളെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം അഞ്ചായി. അഞ്ചു പേരുടെയും സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു.
ചെന്നൈ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പി ഡൈമോളജി യില്‍ നിന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുമുള്ള വിധക്ത സംഘമാണ് ജില്ലയിലുള്ളത്. കേന്ദ്ര സംഘം ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തൊടുപുഴ, തൃശ്ശൂര്‍ എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും പ്രധാനമായും പരിശോധന നടത്തുക.
ഉറവിടം കണ്ടെത്തല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം എന്നിവ വിദക്ത സംഘം ഏറ്റെടുത്തു.
എറണാകുളം കളക്ട്രേറ്റില്‍ തുറന്ന കണ്‍ട്രോള്‍ റൂമിലേക്ക് സംശയ ദുരീകരണത്തിനായി ഇന്നലെ മാത്രം 101 കോളുകള്‍ ലഭിച്ചു. കൂടുതല്‍ പേരെ നിരീക്ഷണത്തിലെടുത്തിരിക്കുന്നത് മുന്‍കരുതലിന്റെ ഭാഗമായാണ്. ഈ കണക്കുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here